കട്ടപ്പന: ഉന്നതവിദ്യാഭ്യാസ രംഗത്ത് ഈഴവസമുദായം നേരിടുന്ന അവഗണനയ്ക്ക് പരിഹാരമുണ്ടാകാൻ കൂടുതൽ ഇച്ഛാശക്തിയും സംഘടനാശേഷിയും ആവശ്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ജറനൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മലനാട് യൂണിയനിലെ തൊപ്പിപ്പാള ശാഖയുടെ ഉടമസ്ഥതയിലുള്ള ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ രജതജൂബിലി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതൽ ഉന്നതവിദ്യാഭ്യാസം ലഭിക്കുന്ന ജനവിഭാഗങ്ങൾ വളരും, മറ്റുള്ളവർ സ്വാഭാവികമായും തളരും. ഇടുക്കിയിലെ പിന്നാക്ക സമുദായങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിതാപകരമായ അവസ്ഥയാണ്. ഏറെ പണം മുടക്കി മക്കളെ പഠിപ്പിക്കാൻ ശേഷിയില്ലാത്തവരാണ് പല രക്ഷിതാക്കളും. ഈ കുറവ് തിരിച്ചറിഞ്ഞുകൊണ്ടാണ് ശ്രീനാരായണ ട്രസ്റ്റ് പാമ്പനാറ്റിൽ രണ്ട് കോളേജുകൾ സ്ഥാപിച്ചത്. ഏത് വിദ്യാർത്ഥിക്കും ഒരു രൂപ പോലും ഡൊണേഷൻ നൽകാതെ പാമ്പനാർ ശ്രീനാരായണ കോളേജുകളിൽ പ്രവേശനം ലഭിക്കും. ആരിൽ നിന്നും ഒരു രൂപ പോലും സംഭാവന പിരിക്കാതെ ഒമ്പത് കോടിയോളം രൂപ ചെലവഴിച്ചാണ് ഒരു എയ്ഡഡ് കോളേജും ഒരു സ്വാശ്രയകോളേജും സി.ബി.എസ്.ഇ സ്കൂളും പാമ്പനാറ്റിൽ സ്ഥാപിച്ചത്. പ്രദേശവാസികൾ അവിടുത്തെ സൗകര്യങ്ങൾ വേണ്ടത്ര പ്രയോജനപ്പെടുത്തില്ലെന്ന പരാതി മാത്രമാണ് മാനേജ്മെന്റിനുള്ളത്. ആർ. ശങ്കറിന്റെ കാലത്താണ് ഈ സമുദായത്തിന് ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കാലുകുത്താൻ അവസരം ലഭിച്ചത്. അദ്ദേഹത്തിന് അധികാരം ഉണ്ടായിരുന്നതുകൊണ്ടുമാത്രമാണ് അത് സാധിച്ചതെന്ന് നാം തിരിച്ചറിയണം. പക്ഷേ, ഇന്നത്തെ സ്ഥിതി പരിശോധിച്ചാൽ സമുദായത്തിന് ആനുപാതികമായ പ്രാധിനിത്യം ലഭിച്ചിട്ടില്ലെന്ന് ആർക്കും മനസിലാകും. കാലമേറെ പുരോഗമിച്ചിട്ടും പിന്നാക്കക്കാരുടെ പിന്നാക്കാവസ്ഥ തുടരുകയാണെങ്കിൽ അതിന് മറ്റാരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. 25 വർഷം മുമ്പ് പരിമിതികൾ മാത്രമുണ്ടായിരുന്ന ഗ്രാമീണാന്തരീക്ഷത്തിൽ നിന്നുകൊണ്ട് ഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കാൻ ആർജവം കാണിച്ച തൊപ്പിപ്പാളയിലെ സമുദായ അംഗങ്ങളുടെ വലിയ മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ സ്കൂൾ കെട്ടിടത്തിന്റെ സമർപ്പണവും അദ്ദേഹം നിർവഹിച്ചു. ക്ലാസ് മുറികൾ സ്മാർട്ടാക്കാനുള്ള മാനേജ്മെന്റിന്റെ പരിശ്രമത്തിൽ താനും പങ്കാളിയാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. മലനാട് യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യപ്രഭാഷണവും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി ഗുരുപ്രകാശം, ലബ്ബക്കട ജെ.പി.എം കോളേജ് മാനേജർ ഫാ. ജോബി ചുള്ളിയിൽ, മാട്ടുക്കട്ട മുസ്ലീം ജമാ അത്ത് ഇമാം അൽഹാഫീസ് സിയാദ് മിഫ്താഹി എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങളും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജ്, കോവിൽമല രാജാവ് രാമൻ രാജമന്നാൻ, എ.ഇ.ഒ ഇൻ-ചാർജ് കെ.ജെ. ഷാജിമോൻ, യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, മുൻ സ്കൂൾ മാനേജർമാരായ ബി. വിജയകുമാർ, പി.എൻ. സത്യവാസൻ, ഇ.കെ. കുമാരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി, കാഞ്ചിയാർ പഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ, പി.ടി.എ പ്രസിഡന്റ് ബിനു ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ മാനേജർ കെ.എസ്. ബിജു സ്വാഗതവും എസ്.എം.സി സെക്രട്ടറി വി.വി. ഷാജി നന്ദിയും പറഞ്ഞു.