ഇടുക്കി : അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിന് വികസന കുതിപ്പേകി സ്നാക്സ് സെന്ററിന്റെയും വിശ്രമകേന്ദ്രത്തിന്റെയും നിർമ്മാണം പൂർത്തിയാകുന്നു. പഞ്ചായത്ത് തനത് ഫണ്ട് 37 ലക്ഷം രൂപ വിനിയോഗിച്ചാണ്
പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകമായി നാല് ടോയ്ലറ്റുകൾ വീതമുള്ള രണ്ട് ബ്ലോക്കുകൾ, സ്നാനാക്സ് സെന്റർ എന്നിവ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ അവസാനഘട്ട നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി ജലാശയവും ടണൽമുഖവും കാണുന്നതിന് ദിവസേന നൂറുകണക്കിനാളുകളാണെത്തുന്നത്. കുട്ടിക്കാനം- കട്ടപ്പന റൂട്ടിൽ കക്കാട്ടുകടയിൽ നിന്ന് മൂന്നര കിലോമീറ്റർ ഉള്ളിലോട്ടു മാറിയാണ് പ്രകൃതി രമണീയമായ അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. അഞ്ചു കുന്നുകളാൽ ചുറ്റപ്പെട്ട ജലാശയവും ഇരട്ടയാർ ഡാമിൽ നിന്ന് വെള്ളമെത്തുന്ന തുരങ്കമുഖവുമാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. അടുത്ത ആഴ്ചയോടെ പൂർത്തിയാകുന്ന സ്നാക്സ് സെന്ററിന്റെ നടത്തിപ്പ് ലേലം ചെയ്തു നൽകുന്നതിലൂടെ പഞ്ചായത്തിന് വരുമാനവും അഞ്ചുരുളിയിലെത്തുന്ന സന്ദർശകർക്ക് അടിസ്ഥാന സൗകര്യവും ഉറപ്പാക്കുന്നതാണ് പദ്ധതിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജ് പറഞ്ഞു.