കട്ടപ്പന: വണ്ടന്മേട് പ്രാഥമീകാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർക്കെതിരെ പൊലീസിൽ വ്യാജപരാതി നൽകിയ ജീവനക്കാരിക്കെതിരെ നടപടി വേണമെന്ന് ഇന്നലെ ചേർന്ന എച്ച്.എം.സി യോഗം ഐകകണ്ഠേന ആവശ്യപ്പെട്ടു. സ്ഥലം മാറ്റപ്പെട്ട ഗ്രേഡ് -2 അറ്റൻഡർ വിടുതൽ ഉത്തരവ് കൈപ്പറ്റാതെ ആശുപത്രിയെയും ഡോക്ടറെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. റിലീവിംഗ് ഉത്തരവ് കൈപ്പറ്റാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നും ആശുപത്രി വികസനസമിതി വിലയിരുത്തി. രോഗികളോട് മോശമായി പെരുമാറുക, ജോലിയിൽ കൃത്യവിലോപം കാട്ടുക തുടങ്ങിയ ആരോപണങ്ങളും ഇവർക്കെതിരെയുണ്ട്. ഇത് സംബന്ധിച്ച് വിശദീകരണം നൽകാൻ വിളിച്ചപ്പോൾ പറയാതിരുന്ന കാര്യങ്ങൾ ഉന്നയിച്ചാണ് മെഡിക്കൽ ഓഫീസർക്കെതിരെ പൊലീസിൽ വ്യാജ പരാതി കൊടുത്തത്. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമായി കണക്കാക്കി ജീവനക്കാരിക്കെതിരെ നടപടി എടുക്കണമെന്ന് യോഗം പ്രമേയം പാസാക്കിയതായി ആശുപത്രി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.