തൊടുപുഴ: വിവിധ സ്ഥലങ്ങളിൽ നിന്ന് മുട്ടം വഴി തൊടുപുഴയിലേക്കെത്തുന്ന ബസുകൾ നഗരം ചുറ്റാതെ കോതായിക്കുന്ന് ബസ് സ്റ്റാൻറ്റിൽ സർവ്വീസ് അവസാനിപ്പിക്കുന്നത് യാത്രക്കാരെ വട്ടം കറക്കുന്നു. കെ.എസ്.ആർ.ടി.സി ബസുകളടക്കമാണ് നഗരം ചുറ്റാതെ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കുന്നത്. നഗരസഭാ ഗതാഗത ഉപദേശക സമിതി ഒരു വർഷത്തിലേറെയായി യോഗം ചേരാത്തതിനാൽ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നുമില്ല. ഇടുക്കി, മൂലമറ്റം, ഈറാറ്റുപേട്ട, പാല, മങ്കൊമ്പ് എന്നിവിടങ്ങളിൽ നിന്ന് മുട്ടം വഴി തൊടുപുഴയിലേക്ക് വരുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ പുലർച്ചെ ആറ് മുതൽ രാത്രി 9.15 വരെ ഒരു ദിവസം നൂറിലധികം സർവീസുകളാണ് നടത്തുന്നത്. ഈ പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ ആവശ്യങ്ങൾക്കായി ബസിൽ തൊടുപുഴ നഗരത്തിലെത്തുന്നത്. ഭൂരിഭാഗം പേരും നഗരത്തിലുള്ള സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായെത്തുന്നവരാണ്. എന്നാൽ ബസുകൾ നഗരത്തിനുള്ളിലേക്ക് പോകാത്തതിനാൽ അധിക പണം മുടക്കി മറ്റ് ബസുകളിലോ ആട്ടോറിക്ഷയിലോ ടൗണിലേക്ക് പോകേണ്ട സ്ഥിതിയാണുള്ളത്.
തീരുമാനം അട്ടിമറിച്ചു
മുട്ടം വഴി തൊടുപുഴയ്ക്ക് എത്തുന്ന ബസുകൾ കോതായിക്കുന്ന് ബസ് സ്റ്റാൻഡിലെത്തി ആളെ ഇറക്കി ഗാന്ധി സ്ക്വയർ വഴി മൂപ്പിൽക്കടവ് ജംഗ്ഷൻ വഴി കോതായിക്കുന്ന് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കണമെന്നാണ് മൂന്ന് വർഷങ്ങൾക്ക് മുമ്പ് തൊടുപുഴ നഗരസഭ ഗതാഗത ഉപദേശക സമിതി തീരുമാനം. ഏതാനും ആഴ്ചകൾ ബസുകൾ ഇത്തരത്തിൽ സർവീസ് നടത്തിയെങ്കിലും പിന്നീട് തീരുമാനം അട്ടിമറിക്കപ്പെട്ടു.
കോടതി ഉത്തരവും നടപ്പായില്ല
മുട്ടത്തുള്ള ചിലർ പരാതി നൽകിയതിനെ തുടർന്ന് ബസുകളെല്ലാം നഗരത്തിൽ പ്രവേശിക്കണമെന്ന് അദാലത്ത് കോടതി ഗതാഗത ഉപദേശക സമിതിക്ക് ഉത്തരവ് നൽകിയെങ്കിലും അതും നടപ്പായില്ല.