vellappilly
എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിലെ കൂട്ടാർ ശാഖ നിർമ്മിച്ച ശ്രീനാരായണ സാംസ്കാരിക നിലയം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോ‌ർഡ് അംഗം പ്രീതി നടേശൻ, മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ, കൂട്ടാർ ശാഖാ പ്രസിഡന്റ് വി. മോഹനൻ, സെക്രട്ടറി കെ.ആർ. ജിജിമോൻ എന്നിവർ സമീപം

കട്ടപ്പന: ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടും നവോത്ഥാന വനിതാ മതിലിലെ പങ്കാളിത്തവും എസ്.എൻ.ഡി.പി യോഗത്തിന്റെ രാഷ്ട്രീയമല്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഏതു ഭരണാധികാരിയും രാഷ്ട്രീയക്കാരും നല്ലതു ചെയ്താൽ നല്ലതെന്നും, മോശമാണെങ്കിൽ മോശമെന്നും തുറുന്നുപറയാനുള്ള ചങ്കൂറ്റം യോഗത്തിനുണ്ട്. പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയാൽ പിണറായിയുടെ പാർട്ടിക്കാരനായെന്ന് അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിലെ കൂട്ടാർ ശാഖ നിർമ്മിച്ച ശ്രീനാരായണ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും മാറ്റിനിറുത്താനാവില്ല. അതു തിരിച്ചറിഞ്ഞതു കൊണ്ടാണ് ഒരിക്കൽ ഗുരുവിനെ അവഹേളിച്ചവർ പിന്നീട് അതേ ഗുരുവിനെ തലയിലേറ്റി നടക്കുന്നത്. അവർ അങ്ങനെ നടക്കണം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

നാമജപഘോഷയാത്രയുമായി സമുദായ അംഗങ്ങൾ തെരുവിലിറങ്ങേണ്ട എന്നു പറഞ്ഞത് വെറുതെയല്ല. ദേവസ്വം ബോർഡിലെയും റിക്രൂട്ടൂമെന്റ് ബോർഡിലെയും അദ്ധ്യക്ഷ സ്ഥാനങ്ങളും ക്ഷേത്രങ്ങളിലെ ശാന്തിപ്പണി മുതലുള്ള ജോലികളിൽ 96 ശതമാനവും സവർണർക്ക് തീറെഴുതിയ നാടാണിത്. അടുത്ത കാലത്ത് പിന്നാക്കക്കാരെ ശാന്തിക്കാരായി നിയമിച്ചെങ്കിലും അവർക്ക് ശ്രീകോവിലിൽ പ്രവേശനമില്ല. അങ്ങനെയുള്ളിടത്ത് വിശ്വാസം സംരക്ഷിക്കാൻ മാത്രം തെരുവിലിറങ്ങി അടികൊള്ളാനും കേസിൽപ്പെടാനും അവർണർ പോകേണ്ടെന്നു തന്നെയാണ് യോഗത്തിന്റെ നിലപാട്- വെള്ളാപ്പള്ളി പറഞ്ഞു.

മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തി. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ. സോമൻ എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് വി. മോഹനൻ സ്വാഗതവും സെക്രട്ടറി കെ.ആർ. ജിജിമോൻ നന്ദിയും പറഞ്ഞു.