കൂട്ടാർ: ജനാധിപത്യസംവിധാനത്തിൽ എന്നും ചതിക്കപ്പെട്ടൊരു വിഭാഗമാണ് ഈഴവസമുദായമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മലനാട് യൂണിയനിലെ കൂട്ടാർ ശാഖയിൽ നിർമ്മിച്ച ശ്രീനാരായണ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 15 വർഷത്തിനിടെ കേരളത്തിലെ അസംബ്ലി, പാർലമെന്റ് മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ കണക്കെടുത്താൽ ഈഴവ സമുദായം നേരിടുന്ന അവഗണന കൃത്യമായി മനസിലാകും. ശ്രീനാരായണഗുരുവിന്റെ അനുയായികൾ ജാതിപറയാതിരുന്നപ്പോൾ മറ്റുള്ളവർ ജാതിയും മതവും പറഞ്ഞ് സംഘടിച്ച് വോട്ടുബാങ്കുകളായി. അത്തരം വോട്ടുബാങ്കുകളെ പാട്ടിലാക്കാൻ ആദർശം കുഴിച്ചുമൂടി അവസരവാദവുമായി രാഷ്ട്രീയ പാർട്ടികളും പിന്നാലെകൂടി. അതോടെ അധികാരവും സമ്പത്തും സംഘടിത സമുദായങ്ങൾക്ക് സ്വന്തമായി. വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിൽക്കുന്ന ജില്ലയിൽ പിന്നാക്ക സമുദായങ്ങൾക്ക് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്നതിൽ മാറിമാറി വന്ന സർക്കാരുകൾ കാണിച്ച അലംഭാവം ഇതിന് തെളിവാണ്. കൂട്ടാർ എന്ന മലയോര പ്രദേശത്ത് ആർ. ശങ്കർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ അനുവദിച്ച എൽ.പി സ്കൂൾ ഇന്നും അതേ അവസ്ഥയിൽ തുടരുകയാണ്. ആർ. ശങ്കറിന് ശേഷം അമ്പത് വർഷം കഴിയുമ്പോൾ മറ്റ് പല സമുദായങ്ങൾക്കും നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതുതായി ഉണ്ടായി. പഴയത് പലതും അപ് ഗ്രേഡ് ചെയ്യപ്പെട്ടു. ജില്ലയിലെ പ്രബലവിഭാഗമായ ഈഴവസമുദായത്തിന് കിട്ടിയ സ്കൂളുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും എത്രയുണ്ടെന്ന് കണക്കെടുത്താൽ ജനാധിപത്യ ഭരണത്തിൽ നാം നേരിട്ട രാഷ്ട്രീയ വഞ്ചന എന്തായിരുന്നു എന്ന് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപപ്രകാശനം തെളിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസി‌ഡന്റ് വിധു എ. സോമൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ പി.ആർ. മുരളീധരൻ, ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൗൺസിലർ മനോജ് ആപ്പാന്താനം, ശ്രീനാരായണ വൈദീക സമിതി യൂണിയൻ പ്രസിഡന്റ് സുരേഷ് ശാന്തി, വനിതാസംഘം യൂണിയൻ സെക്രട്ടറി ലത സുരേഷ്, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല, കുമാരിസംഘം യൂണിയൻ പ്രസിഡന്റ് ടി.പി. ഭാവന, സമീപശാഖ പ്രസിഡന്റുമാരായ പി.കെ. തുളസീധരൻ (പോത്തിൻകണ്ടം), സി.കെ. സുനിൽ (കുഴിത്തൊളു), എൻ.എം. മോഹനൻ (അന്യാർതൊളു), പി.ജി. മോഹൻദാസ് (ചേറ്റുകുഴി), കെ.എൻ. ശശി (കൊച്ചറ), സാബു ചാഞ്ഞപ്ളാക്കൽ (കമ്പംമെട്ട്) എന്നിവർ സംബന്ധിച്ചു. കൂട്ടാർ ശാഖാ പ്രസിഡന്റ് വി. മോഹനൻ സ്വാഗതവും സെക്രട്ടറി കെ.ആർ. ജിജിമോൻ നന്ദിയും പറഞ്ഞു.