രാജാക്കാട്: തമിഴ്നാട്ടിൽ നിന്ന് ആട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവുമായി രാജാക്കാടിന് സമീപം അമ്പലക്കവലയിൽ ഒരാൾ പൊലീസിന്റെ പിടിയിലായി. തൊടുപുഴ തൊമ്മൻകുത്ത് വാക്കളത്തിൽ ലിബിനാണ് (30) അറസ്റ്റിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് ചെക്പോസ്റ്റുകൾ വഴി വൻ തോതിൽ കഞ്ചാവ് കടത്തുന്നതായും ഇവരുടെ ഇടത്താവളമായി രാജാക്കാട് മാറുന്നതായും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മേഖലയിൽ അടുത്തിടെ വാഹന പരിശോധന കർക്കശമാക്കിയിരുന്നു. പൊലീസും ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് ഇന്നലെ രാവിലെ അമ്പലക്കവലയിൽ പരിശോധന നടത്തുന്നതിനിടെ എത്തിയ ആട്ടോറിക്ഷ പരിശോധിക്കവെ പിൻ ഭാഗത്ത് ഒളിപ്പിച്ചിരുന്ന ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് വാങ്ങിയതാണെന്നും വിൽപ്പനയ്ക്കായി കൊണ്ടുപോവുകയാണെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. തുടർന്ന് വാഹനം ഉൾപ്പെടെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. തലച്ചുമടായും വാഹനങ്ങളിലും തമിഴനാട്ടിൽ നിന്ന് അതിർത്തി കടത്തി എത്തിക്കുന്ന കഞ്ചാവ് രാജാക്കാട്ടിലെ രഹസ്യ താവളങ്ങളിൽ സൗകര്യപ്രദമായ പാക്കറ്റുകളിലാക്കിയ ശേഷമാണ് വിവിധയിടങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതെന്നും ഇതിനായി നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ രാജാക്കാട്ടിൽ പിടികൂടുന്ന രണ്ടാമത്തെ വലിയ കഞ്ചാവ് കേസാണിത്. കഴിഞ്ഞ 28ന് ബൈക്കിൽ കടത്തിക്കൊണ്ടുവരുകയായിരുന്ന രണ്ട് കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിലായിരുന്നു. രാജാക്കാട് ഇൻസ്പെക്ടർ ഒഫ് പൊലീസ് എച്ച്.എൽ ഹണി, എസ്.ഐ പി.ഡി അനൂപ്‌മോൻ എന്നിവരുടെ നേതൃത്വത്തിൽ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ സി.വി. ഉലഹന്നാൻ, മഹേഷ്, രമേശൻ, സജയ് പി മങ്ങാട്ട്, സന്തോഷ്, അനീഷ്, ജോഷി, ഷൈൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.