തൊടുപുഴ: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ സാംസ്‌കാരിക വേദിയായ കനൽ കലാവേദി ആറിന് ആനച്ചാലിൽ നിന്ന് ആരംഭിച്ച കലാജാഥ 'ഉത്തിഷ്ഠത ജാഗ്രത' ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം ഇന്നലെ മൂലമറ്റത്ത് സമാപിച്ചു. മതഭ്രാന്തിനും ജാതി വെറിക്കും വർഗീയതയ്ക്കുമെതിരെ ശബ്ദമുയർത്തിക്കൊണ്ടും കേരളം ആർജിച്ച നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിയും, ജാതിഭ്രാന്ത്, മഹാപ്രളയം, ആൾക്കൂട്ട കൊലപാതകം, ഭരണഘടന നേരിടുന്ന വെല്ലുവിളികൾ, പശു രാഷ്ട്രീയം, കർഷക പ്രശ്നങ്ങൾ, സ്ത്രീകൾക്ക് നേരെ രാജ്യമെമ്പാടും വർദ്ധിച്ചുവരുന്ന അക്രമണങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നൃത്തശില്പങ്ങളും നാടകവുമാണ് പ്രധാനമായും കലാജാഥയിൽ ഉൾപ്പെടുത്തിയത്. ജോബി ജേക്കബ് കൺവീനറും ഉടുമ്പന്നൂർ രാജപ്പൻ മാഷ് സംവിധായകനുമായ കലാജാഥയിൽ ടി.ആർ. അനിൽ (പി.ഡബ്ല്യു.ഡി മൂന്നാർ), പി.ആർ. രാജീവ് (ഗവ. ഹൈസ്‌കൂൾ വഞ്ചിവയൽ), ജെയിംസ് സെബാസ്റ്റ്യൻ (പഞ്ചായത്ത് കുമളി), എസ്. മഹേഷ് (എസ്.ടി ഡിപ്പാർട്ട്‌മെന്റ്,​ കുമളി), ആർ വെങ്കടേശ്വരകിണി (ജി.എച്ച്.എസ്,​ പെരിഞ്ചാർകുട്ടി), പി.എം. റഷീദ് (എൻജിനിയറിംഗ് കോളേജ്, പൈനാവ്), എൻ. സജിമോൻ (വിദ്യാഭ്യാസ വകുപ്പ്, തൊടുപുഴ), വി.ടി. രാജു (ജില്ലാ ലേബർ ഓഫീസ്, തൊടുപുഴ), സുരേഷ് ജേക്കബ് (ജി.യു.പി.എസ് നെടുമുറ്റം), എം.ജി. സിനിമോൾ (ജി.എച്ച്.എസ്. കല്ലാർവട്ടിയാർ), എസ്. സ്മിത (പി.എച്ച്.സി കൊക്കയാർ), പി.വി. രമണി (സി.എച്ച്.സി പുറപ്പുഴ), പി.വി. ചൈതന്യ,​ പി.ഒ. മേരി എന്നീ കലാകാരന്മാരാണ് അണിനിരന്നത്.