maalinyam
വേനൽ മഴയിൽ പെരിയാർ നദിയിലേക്ക് ഒഴുകിയെത്തിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ

വണ്ടിപ്പെരിയാർ: പുതുമഴയിൽ ഒഴുകി വന്ന മാലിന്യത്തിൽ മുങ്ങി പെരിയാർ നദി. കഴിഞ്ഞ ദിവസമുണ്ടായ വേനൽ മഴയിലാണ് പെരിയാറിന്റെ പ്രഭവകേന്ദ്രം മുതൽ നദിയിൽ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിയെത്തിയത്. കഴിഞ്ഞ പ്രളയത്തിൽ പെരിയാർ നദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴുകിപോയിരുന്നു. നദികളിൽ മാലിന്യം നിക്ഷേപിക്കുന്നത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ച സർക്കാർ ഭരിക്കുമ്പോഴാണ് പ്രളയത്തിന്‌ ശേഷവും പെരിയാർ നദി മാലിന്യംപേറുന്നത്. രാത്രികാലങ്ങളിൽ വിദൂര സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിലെത്തി മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് ടൗൺ കേന്ദ്രീകരിച്ച് മാത്രമാണ് മാലിന്യം നീക്കം ചെയ്യുന്നത്. പ്രദേശത്തെ കൈയേറ്റങ്ങളും മാലിന്യങ്ങളും കൂടി കിടക്കുന്നതും മൂലം പെരിയാർ നദിയുടെ നീരൊഴുക്ക്‌ പോലും നിശ്ചലമാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒഴുകിയെത്തിയത്. മാലിന്യങ്ങൾ കൂടി കിടക്കുന്നത് മൂലം പ്രദേശത്ത് അസഹനീയമായ ദുർഗന്ധവും വമിക്കുന്നുണ്ട്. അറവ് മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളുന്നത് പെരിയാറിലാണ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങൾ ആറ്റിലെ വെള്ളം ഉപയോഗിച്ചാണ് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നത്. കേന്ദ്ര ജലവിഭവ വകുപ്പിന്റെ മേൽനോട്ടത്തിലാണ് പെരിയാർ നദി. പെരിയാർ അയ്യപ്പൻകോവിലിന് സമീപത്ത് പ്രത്യേക ഓഫീസും ഇതിനായി ഉണ്ട്. നീരൊഴുക്ക്‌ തോത്, വെള്ളത്തിന്റെ അളവ് എന്നിവ ഇവിടെയാണ് നിരീക്ഷിക്കുന്നത്.

കൈയേറ്റവും വ്യാപകം

മാലിന്യത്തിന് പുറമെ ആറ്റു പുറമ്പോക്ക് കൈയേറി നിർമ്മാണവും സർവ്വ സാധാരണമായി മാറി. 30 മീറ്റർ വീതിയുണ്ടായിരുന്ന നദി കൈയേറ്റങ്ങളുടെ അനന്തര ഫലമായി പല ഇടങ്ങളിലും ഇരുപത് മീറ്ററായി.

പോളകൾ നിറഞ്ഞു

പെരിയാർ നദിയുടെ ആഴം കൂടിയ പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത്‌ പോളകൾ വൻതോതിൽ വളർന്ന് പടർന്നിരിക്കുകയാണ്. ഇതിനാൽ ഈ ഭാഗത്തെ ജലവും ഉപയോഗശൂന്യമായ നിലയിലായി. പെരിയാർ പാലത്തിന് സമീപത്തെ ആഴം കൂടിയ ഭാഗത്തും പൂർണമായും പോളകൾ വളർന്നു മൂടിയിരിക്കുകയാണ്.

ശുദ്ധജല പദ്ധതി വേണം

പ്രഭവകേന്ദ്രമായ വള്ളക്കടവ് മുതൽ അയ്യപ്പൻകോവിൽ വരെയുള്ള തീരപ്രദേശത്ത് താമസിക്കുന്നവർക്ക്‌ വേനൽകാലത്ത് ശുദ്ധജലം ലഭിക്കുന്നതിനുവേണ്ട പദ്ധതി ആരംഭിക്കണമെന്നാണ് തദ്ദേശവാസികൾ പറയുന്നത്. പൊതു പങ്കാളിത്തത്തോടെ വനം സംരക്ഷണ പദ്ധതി നടപ്പിലാക്കി വിജയിപ്പിച്ചത്‌ പോലെ ജലവിഭവ പരിസ്ഥിതി വകുപ്പുകളുടെ കീഴിൽ പെരിയാർ സംരക്ഷണ ശുചീകരണ പദ്ധതികൾ തുടങ്ങണമെന്നാണ് ഇവരുടെ ആവശ്യം.

'ഉടൻ തന്നെ പെരിയാർ നദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യും. ഇതിനു പുറമെ അറവുശാല നടത്തിപ്പുകാർക്കും വ്യാപാരികൾക്കും പഞ്ചായത്ത് ഇടപെട്ട്‌ നോട്ടീസ് നൽകും. വ്യാപാര സ്ഥാപനങ്ങളിലെ ജൈവമാലിന്യങ്ങൾ സ്ഥാപന ഉടമകൾ തന്നെ സംസ്‌കരണ സംവിധാനം ഒരുക്കാനുള്ള നിർദേശവും നൽകും."

-എം. ഹരിദാസ്
ഹരിതമിഷൻ കോ- ഓഡിനേറ്റർ
വണ്ടിപ്പെരിയാർ