മറയൂർ: കാട്ടാനക്കൂട്ടം കാന്തല്ലൂരിൽ കൃഷി നശിപ്പിക്കുന്നത് തുടർകഥയാകുന്നു. ശനിയാഴ്ച രാത്രി വെട്ടുകാട് മേഖലയിൽ വാഴ, കമുക്, കരിമ്പ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കരിക്കുളം, പെരുമല, ആടിവയൽ മേഖലകളിലെത്തിയ ഒമ്പത് ആനകളടങ്ങിയ സംഘത്തെ ഗ്രാമവാസികൾ തുരത്തിയെങ്കിലും അവ ഇപ്പോൾ വെട്ടുകാട് മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. മറയൂർ,​ കാന്തല്ലൂർ പാതയിലൂടെ സഞ്ചരിക്കുന്നവർക്കും ഇവ പേടി സ്വപ്നമായി മാറുന്നു. നിരവധി വാഹനങ്ങൾ ഇവിടെ കാട്ടാന ആക്രമിച്ചിട്ടുണ്ട്. ഇവയെ വനത്തിനുള്ളിലേക്ക് തുരത്താൻ വനം വകുപ്പ് നടപടികളെടുക്കുന്നുണ്ടെങ്കിലും ഒന്നും വിജയത്തിലെത്തുന്നില്ല. കാർഷിക വിളകളുടെ നാശത്തിന് തുച്ഛമായ നഷ്ട പരിഹാരം മാത്രമാണ് ലഭിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിലും വില തകർച്ചയിലും ദുരിതമനുഭവിക്കുന്ന കർഷകന് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഏറെ ദുരിതത്തിലാക്കുന്നു.