bb
മറയൂർ ടൗണിൽ കൂട്ടമായി അലഞ്ഞു തിരിയുന്ന അക്രമണകാരികളായ തെരുവ് നായ്ക്കൾ

മറയൂർ: അഞ്ചുനാട്ടിലെ പ്രധാന വ്യാപാര കേന്ദ്രങ്ങൾ എല്ലാം നായ് പേടിയിൽ. മറയൂർ, കോവിൽക്കടവ്,​ കാന്തല്ലൂർ എന്നിവടങ്ങളിലാണ് തെരുവ് നായ്ക്കൾ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. സ്‌കൂൾ വിദ്യാർത്ഥികളും ഇരുചക്ര വാഹനയാത്രക്കാരുമാണ് തെരുവ് നായ്ക്കളുടെ ഉപദ്രവം നേരിടേണ്ടി വരുന്നവരിലേറെയും. ഇരുചക്രവാഹനങ്ങൾക്ക് പിന്നാലെ നായ്ക്കൾ ഓടുന്നത് അപകടത്തിനിടയാക്കുന്നുണ്ട്. മറയൂർ,​ കാന്തല്ലൂർ മേഖലയിൽ അമ്പതോളം ആടുകളെയാണ് ഒരു വർഷത്തിനിടെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നത്. ഇതോടെ ടൗണിന് സമീപത്ത് താമസിക്കുന്ന നിരവധി പേർ ആടുവളർത്തൽ ഉപേക്ഷിച്ചു. ഇതിന് പുറമേ നാച്ചിവയൽ ചന്ദന റിസർവിൽ മാത്രം അഞ്ചിലധികം പുള്ളിമാനുകൾ തെരുവ് നായ്ക്കളുടെ കടിയേറ്റ് ചത്തിട്ടുണ്ട്. ചന്ദന സംരക്ഷണത്തിന് പുറമേ തെരുവ് നായ്ക്കളിൽ നിന്ന് വന്യമൃഗങ്ങളെ കൂടി വനപാലകരും വാച്ചർമാരും സംരക്ഷിക്കേണ്ട അവസ്ഥയാണ്. അതിരാവിലെ നടക്കാനിറങ്ങുന്നവർക്ക് നേരെ തെരുവ് നായ്ക്കൾ കൂട്ടമായി കുരച്ച് കൊണ്ട് ചാടി ഭയപ്പെടുത്തുന്നത് പതിവായതോടെ പലരും നടത്തം ഉപേക്ഷിച്ചു. അറവ് മാലിന്യങ്ങൾ സംസ്‌കരിക്കാൻ സംവിധാനമില്ലാത്തതിനാൽ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ചാണ് തെരുവ് നായ്ക്കൾ വിലസുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലാപഞ്ചായത്തുകളിലും അനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം (എ.ബി.സി) വഴി തെരുവ് നായ്ക്കളുടെ വർദ്ധന നിയന്ത്രിക്കുന്നുണ്ടെങ്കിലും അഞ്ചുനാട് മേഖലയിൽ ഈ പദ്ധതി നടപ്പിലാക്കാറില്ല. ഇത് കാരണം തെരുവ് നായ്ക്കളുടെ എണ്ണം അനിയന്ത്രിതമായി കൂടി. നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

'പറമ്പിൽ ആടുകളെ കെട്ടിയിട്ട് കൃഷിപണിക്ക് പോകാനാകില്ല. കഴിഞ്ഞ വർഷം തന്റെ നാല് ആടുകളാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് ചത്തത്"

- പേച്ചിമുത്തു (ചുരക്കുളം സ്വദേശി)