kk
ഐഎൻടിയുസി തൊടുപുഴ റിജിയണൽ കമ്മിറ്റി പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 600 രൂപയാക്കി ഉയർത്തണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി തൊടുപുഴ റിജിയണൽ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ- ബി.ജെ.പി സർക്കാരുകൾ അനുവർത്തിക്കുന്ന സാമ്പത്തികനയങ്ങൾ തൊഴിൽ മേഖലകളിൽ സ്തംഭനാവസ്ഥ സൃഷ്ടിക്കുകയാണ്. നാടിന്റെ വികസനത്തിന്റെ പേരിൽ വമ്പൻ മുതലാളിമാർക്കും കോർപ്പറേറ്റുകൾക്കും ഗുണകരമായി തൊഴിൽ നിയമങ്ങൾ ഭേദഗതി വരുത്തി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്. ഈ രാജ്യത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത സർക്കാരുകൾക്ക് അധികകാലം ഭരിക്കാൻ കഴിയില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിലും പാചകവാതകങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചതിലും നിത്യോപയോഗ വസ്തുക്കളുടെ വില വർദ്ധനവിലും സംസ്ഥാന- കേന്ദ്ര സർക്കാരുകൾ ഒരു പോലെ കുറ്റവാളികളാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് പി.എസ്. സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി. തോമസ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, അഡ്വ. ഇ.എം. ആഗസ്തി, എ.കെ. മണി, മലയാലപ്പുഴ ജ്യോതിഷ്‌കുമാർ, റോയി കെ. പൗലോസ്, അഡ്വ. എസ്. അശോകൻ എന്നിവർ പ്രസംഗിച്ചു. എം.കെ. ഷാഹുൽ ഹമീദ് സ്വാഗതവും ബി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.