കാഞ്ഞാർ: കുടയത്തൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ ജലവിതരണം മുടങ്ങി. പൈപ്പുകൾ തകരാറിലായതിനെ തുടർന്നാണ് ജലവിതരണം മുടങ്ങിയത്. തകരാറിലായ പൈപ്പുകൾ നന്നാക്കാൻ ശ്രമിക്കാതെ ജലവിതരണം നടത്തിയത് പ്രശ്നം രൂക്ഷമാക്കി. പൈപ്പുകൾ നന്നാക്കാനായി കുഴിച്ചിരുന്ന കുഴികൾ നിറഞ്ഞ് മിക്ക സ്ഥലങ്ങളിലും കുടിവെള്ളം റോഡിലേക്ക് ഒഴുകി. ശരംകുത്തി ക്ഷേത്രത്തിന് സമീപം പൈപ്പിലെ തകരാർ പരിഹരിക്കാതെ ഇന്നലെ വെള്ളം തുറന്ന് വിട്ടതിനാൽ പ്രദേശമാകെ വെള്ളക്കെട്ടായി. വേനൽക്കാലം ആരംഭിച്ചതോടെ പഞ്ചായത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് താഴ്ന്ന പ്രദേശങ്ങളിലും ജലവിതരണം മുടങ്ങിയത്. പൈപ്പുകളിലെ തകരാർ പരിഹരിക്കാൻ കരാർ എടുത്തിരിക്കുന്നവർ കൃത്യ സമയത്ത് പണി പൂർത്തിയാക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. കടുത്ത വേനലിൽ കുടിവെള്ളം ലഭിക്കാതെ ജനം നെട്ടോട്ടമോടുമ്പോഴാണ് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത്.