മറയൂർ: 23 പേരുടെ ജീവനെടുത്ത കുരങ്ങണി ദുരന്തത്തിന് ഇന്ന് ഒരു വയസ്. 2018 മാർച്ച് 11ന് ഉച്ചയ്ക്ക് 2.30ന് തമിഴ്നാട് ബോഡി അതിർത്തിയിലെ കുരങ്ങണി മലനിരകളിലാണ് കാട്ടുത്തീ ഉണ്ടായത്. സംഭവ സ്ഥലത്ത് 10 പേരും ചികിത്സയിലിരിക്കെ 13 പേരുമാണ് മരണത്തിന് കീഴടങ്ങിയത്. ചെന്നൈ ട്രക്കിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെന്നൈ, ഈറോഡ് മേഖലകളിൽ നിന്ന് സ്ത്രീകളടങ്ങിയ 39 പേരുടെ രണ്ടു സംഘമാണ് ദുരന്തത്തിന് ഇരയായത്. മാർച്ച് 10ന് സംഘം കുരങ്ങണി ഗ്രാമത്തിൽ എത്തി ഒറ്റമരം വഴി കൊളുക്കുമലയിൽ തങ്ങി. 11ന് തിരികെ ഒറ്റമരം വഴി വരുമ്പോഴാണ് കാട്ടുതീയിൽപ്പെടുന്നത്. മാർച്ച് 12 ന് പുലർച്ചയോടെ ഗ്രാമവാസികളുടെയും വിവിധ സേനകളുടെയും സഹായത്തോടെ നടത്തിയ പരിശോധനയിൽ 10 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബാക്കി പരിക്കേറ്റവരെ മുഴുവൻ ഹെലികോപ്‌റ്ററുകളുടെ സഹായത്തോടെ തേനി, മധുര മെഡിക്കൽ കോളേജുകളിൽ എത്തിച്ചു. തമിഴ്നാട് സർക്കാർ സംസ്ഥാന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. അതുല്യ മിശ്രയെ ഏകാംഗ കമ്മിഷനായി നിയമിച്ചു. കുരങ്ങണി റേഞ്ച് ഓഫീസറെ സസ്‌പെൻഡു ചെയ്തു. ഇപ്പോൾ വേനൽ കാലമായതിനാൽ ടോപ്പ് സ്റ്റേഷൻ വഴിയുള്ള ട്രക്കിംഗും കേരളത്തിൽ സൂര്യനെല്ലി എസ്റ്റേറ്റ് വഴിയുള്ള കൊളുക്കുമല ട്രക്കിംഗും നിർത്തിവച്ചിരിക്കുകയാണ്.