ksrtc-conductor

ഇടുക്കി: ആർക്കെങ്കിലും ബാക്കി കിട്ടാനുണ്ടോ... കെ.എസ്.ആർ.ടി.സി ബസിൽ സാധാരണ കേട്ടുപരിചയമില്ലാത്ത ചോദ്യം യാത്രക്കാരെ പാതി മയക്കത്തിൽ നിന്നുണർത്തി. ഉണർന്നവർ സ്വയമൊന്ന് ആലോചിച്ചു, ബാക്കി കിട്ടാനുണ്ടോ...? ഏയ്, ഇല്ല. വീണ്ടും മയക്കത്തിലേക്ക് ചാഞ്ഞു. പക്ഷേ ചോദ്യകർത്താവ് അടങ്ങുന്നില്ല, യാത്രക്കാരെ ആകെയൊന്ന് നിരീക്ഷിച്ചശേഷം സംശയം തോന്നിയ ചിലരുടെ സീറ്റിനടുത്തുചെന്ന് സ്വകാര്യമായി ചോദിച്ചു, 'ഞാൻ ബാക്കി തരാനുണ്ടോ...?' പിന്നയും ഇല്ലെന്ന മറുപടികൾ അയാളെ തൃപ്തനാക്കിയില്ല. ഇനി ആരെങ്കിലും ടിക്കറ്റ് എടുക്കാനുണ്ടോ എന്ന് അൽപ്പം അധികാര ഭാവത്തിൽ ചോദിക്കുന്നത് മാത്രം കെട്ട് പരിചയിച്ച യാത്രക്കാർക്ക് പിതിവിന് വിപരീതമായി ബാക്കി കിട്ടാനുണ്ടോ എന്ന ആവർത്തിച്ചുള്ള ചോദ്യം ഏറെ കൗതുകമായിരുന്നു.

നെടുങ്കണ്ടത്തുനിന്ന് കുമളി- വണ്ടിപ്പെരിയാർ- തൊടുപുഴ വഴി എറണാകുളത്തേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി (എ.ടി.എ 68) ഫാസ്റ്റ് പാസഞ്ചർ ബസിലാണ് കണ്ടക്ടറുടെ വേറിട്ട പെരുമാറ്റം യാത്രക്കാരെ ആകർഷിച്ചത്. പക്ഷേ ഇതൊന്നും ഗൗനിക്കാതെ വളവും തിരിവും കുണ്ടും കുഴിയും കടന്ന് കുതിച്ചുപായുന്ന ബസിൽ കുറച്ചുനേരം ആലോചിച്ച് നിന്ന കണ്ടക്ടർ എന്തോ തീരുമാനിച്ചുറച്ചതുപോലെ, നല്ല ഉറക്കത്തിലായിരുന്ന ഒരു യാത്രക്കാരനെ വിളിച്ചുണർത്തിയിട്ട് ചോദിച്ചു.... 'ഞാൻ ബാക്കി തരാനില്ലേ.....?' യാത്രക്കാരൻ 'ഉവ്വ്' എന്ന മട്ടിൽ തലയാട്ടി.... മുഖത്ത് നിറഞ്ഞ സന്തോഷത്തോടെ ബാഗിൽ നിന്ന് നാല് നൂറിന്റെ നോട്ടുകൾ എടുത്ത് കൊടുത്തശേഷമാണ് കണ്ടക്ടർ സ്വന്തംസീറ്റിൽ ഇരുന്നത്. കണ്ടക്ടറുടെ പെരുമാറ്റം യാത്രക്കാരിൽ പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസർ പി.ഐ. അൻസാരിയാണ് ബസിലുണ്ടായ സംഭവം പുറംലോകത്തെ അറിയിച്ചത്. അതിനിടെ കണ്ടക്ടറുടെ പേരുചോദിച്ചറിയുകയും ചെയ്തു. നെടുങ്കണ്ടം ഡിപ്പോയിലെ കണ്ടക്ടർ ബിജുവാണ് നല്ല പെരുമാറ്റം കൊണ്ട് യാത്രക്കാരുടെ മനംകവർന്നത്. വണ്ടിപ്പെരിയാറ്റിൽ നിന്നാണ് അൻസാരി ഈ ബസിൽ കയറിയത്. ഓഫീസിൽ എത്തിയ ശേഷം ആദ്യം ചെയ്തത് കണ്ടക്ടർ ബിജുവിനെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുകയായിരുന്നു. അത് വാട്സ് ആപ്പ് സന്ദേശമായി സുഹൃത്തുക്കൾക്ക് അയച്ചുനൽകി. സർക്കാർ ജീവനക്കാർ പൊതുജനങ്ങളോടുള്ള പെരുമാറ്റത്തിൽ കണ്ടക്ടർ ബിജുവിനെ മാതൃകയാക്കണമെന്ന, അഭിപ്രായവും അൻസാരി എഴുതിച്ചേർത്തു. കൂട്ടത്തിൽ കണ്ടക്ടർ ബിജുവിന് ഒരു ബിഗ്സല്യൂട്ടും.