അടിമാലി: അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം വിനു ചോപ്രക്ക് നഷ്ടമായി. എൽ.ഡി.എഫ് പിന്തുണയോടെ വൈസ് പ്രസിഡന്റായ സ്വതന്ത്രൻ വിനു ചോപ്രയ്ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 10നെതിരെ 11 വോട്ടുകൾക്ക് പാസായി. 21 അംഗ ഭരണസമതിയിൽ യു.ഡി.എഫ്- 10, എൽ.ഡി.എഫ്- 9, സ്വതന്ത്രർ- 2 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില. എൽ.ഡി.എഫിനൊപ്പമുണ്ടായിരുന്ന ഒരു സ്വതന്ത്രൻ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് വിനു ചോപ്രക്ക് സ്ഥാനം നഷ്ടമായത്. സ്വതന്ത്രനായി വിജയിച്ചെത്തിയ വിനു ചോപ്രയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയായിരുന്നു യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള മുൻ ഭരണ സമിതി ആദ്യം ഭരണം നിലനിറുത്തിയിരുന്നത്. പിന്നീട് വിനു ചോപ്ര യു.ഡി.എഫിനുള്ള പിന്തുണ പിൻവലിച്ച് എൽ.ഡി.എഫ് പക്ഷത്തെത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനെതിരെയും ഉടൻ തന്നെ അവിശ്വാസം പ്രമേയത്തിന് അനുമതി തേടാനാണ് യു.ഡി.എഫ് അംഗങ്ങളുടെ തീരുമാനം. അടിമാലി പഞ്ചായത്തിന്റെ വികസന മുരടിപ്പിന് മാറ്റം വരുത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും എൽ.ഡി.എഫ് നടത്തിയ രാഷ്ട്രീയ കുതിരകച്ചവടങ്ങൾക്കുള്ള താക്കീതാണ് അവിശ്വാസ പ്രമേയത്തിന്മേലുള്ള വിജയമെന്നും പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. സിയാദ് പറഞ്ഞു.