അടിമാലി: കെ.പി.എം.എസ് ജില്ലാ സമ്മേളനം 13ന് അടിമാലിയിൽ നടക്കും. മാർച്ച് 29, 30, 31, ഏപ്രിൽ ഒന്ന് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 48-ാമത് കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് അടിമാലിയിൽ ജില്ലാ സമ്മേളനം നടത്തുന്നത്. പട്ടിക വിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പരിഹാരങ്ങളും ഉൾപ്പെടെ വ്യത്യസ്ത വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 13ന് രാവിലെ 9.30ന് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. പൊന്നപ്പൻ പതാക ഉയർത്തും. അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന അർപ്പിച്ച ശേഷം ഉദ്ഘാടന സമ്മേളനം ആരംഭിക്കും. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് വി. ശ്രീധരൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. അടിമാലി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഭാരവാഹികളായ രവി കണ്ട്രാമറ്റം, അഡ്വ. എ. സനീഷ് കുമാർ, സാബു കാരിശേരി, ഓമന വിജയകുമാർ എന്നിവർ സംസാരിക്കുമെന്ന് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.കെ. രാജൻ, എൻ.കെ. പ്രദീപ്, കെ.കെ. സന്തോഷ്, സാബു കൃഷ്ണൻ, ആർ.കെ. സിദ്ധാർത്ഥൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.