കുമളി: ഹരിത കേരളത്തിന്റെ 'ജലമാണ് ജീവൻ" കാമ്പയിന്റെയും പഞ്ചായത്തിന്റെ മിഷൻ തേക്കടിയുടെയും ഭാഗമായി അട്ടപ്പള്ളം തേക്കടി തോടിന്റെ ശുചീകരണം ഇന്ന് നടക്കും. നേരത്തെ സംഘടിപ്പിച്ച പുഴ നടത്തത്തിന്റെ തുടർച്ചയെന്ന നിലയിലാണ് തോടിന്റെ അട്ടപ്പള്ളം ഭാഗം വൃത്തിയാക്കുന്നത്. രാവിലെ ഒമ്പതരയോടെ വൃത്തിയാക്കൽ ജോലികൾ ആരംഭിക്കും. 'ക്ലീൻ കുമളി ഗ്രീൻ കുമളി ' തൊഴിലാളികളും പ്രദേശവാസികളും പൊതു പ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളാകും. 12 കിലോമീറ്ററിലേറെ നീളമാണ് തോടിനുള്ളത്. റോസാപ്പൂക്കണ്ടം, 68-ാം മൈൽ ഭാഗങ്ങൾ നേരത്തെ വൃത്തിയാക്കിയിരുന്നു. ഇന്ന് തോട് തുടങ്ങുന്ന അട്ടപ്പള്ളത്തെ ഒരു കിലോമീറ്ററോളം ഭാഗം വൃത്തിയാക്കാനാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് പറഞ്ഞു. വൃത്തിയാക്കിയശേഷം മാലിന്യം പതിക്കാത്തവിധം വലയിട്ട് സൂക്ഷിക്കും. ക്ലീൻ കുമളി ഗ്രീൻ കുമളിയുടെ 10 തൊഴിലാളികളാണ് ഇന്ന് ശുചീകരണത്തിൽ പങ്കെടുക്കുക.