ഇടുക്കി: റോളർ സ്പോർട്സിന്റെ ഈറ്റില്ലമായ തൊടുപുഴയിൽ നിന്ന് കായിക കേരളത്തിന് ഒരു സന്തോഷവാർത്ത. അമേരിക്കയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കുമൊപ്പം റോളർ ഫുട്ബാൾ മാമാങ്കത്തിൽ ഇന്ത്യൻ പതാക പാറിക്കാനുള്ള കളിക്കാരെ വാർത്തെടുക്കുന്ന തീവ്രപരിശീലനം തൊടുപുഴയ്ക്കടുത്ത് വഴിത്തലയിൽ പുരോഗമിക്കുകയാണ്. നാമക്കുഴി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റോളർ സ്പോർട്സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ മുഖ്യപരിശീലകനും തൊടുപുഴ ജയ്‌റാണി സ്കൂളിലെ കായിക അദ്ധ്യാപകനുമായ ജോമോൻ, ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ക്യാമ്പ് പ്ലെയർ കെ.എ. അക്ഷര, ദേശിയ താരങ്ങളായ ശ്രീവിദ്യ വാര്യർ, ശ്രീദേവി വാര്യർ, ദേശിയ ഹോക്കി താരം കാവ്യ എന്നിവരാണ് ഇന്ത്യൻ കാൽപന്ത് കളിയ്ക്ക് കാലാനുസൃത ഗതിവേഗം പകർന്ന് തൊടുപുഴ വഴിത്തലയിൽ ആൺ പെൺ ഭേദമെന്യേ കായികതാരങ്ങളെ സൗജന്യമായി പരിശീലിപ്പിക്കുന്നത്. അഞ്ച് മാസമായി നടന്നുവരുന്ന പരിശീലനത്തിലൂടെ 80 താരങ്ങളെ കളത്തിലിറക്കി. റോളർ സ്കേറ്റിംഗ് രംഗത്ത് വിദഗ്ദ്ധനായ ജോമോൻ 2005ൽ റോളർ ബാസ്ക്കറ്റ് ബോൾ എന്ന ആശയം പ്രായോഗികമാക്കിയിരുന്നു. റോളർ സ്പോർട്സിന് കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം നേടിയെടുത്തതും ജോമോന്റെ പ്രയത്നഫലമായിരുന്നു. അതിനുശേഷം ക്രിക്കറ്റും ഹോക്കിയും ചക്ര ബൂട്ടുകളിൽ പരീക്ഷിച്ചു വിജയിച്ചു. അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ആത്മവിശ്വാസത്തോടെയാണ് റോളർ ഫുട്ബോൾ മാമാങ്കത്തിന്റെ ഇന്ത്യൻ പതിപ്പിനുവേണ്ടി കളത്തിലിറങ്ങിയത്. അതും ഗംഭീരവിജയമായി. അഞ്ച് മാസത്തെ പരിശീലനം പൂർത്തിയാകുമ്പോൾ റോളർ ഫുട്ബാൾ കേരളത്തിലും ബംഗ്ലൂരുവിലും കായികപ്രേമികൾ നെഞ്ചിലേറ്റി കഴിഞ്ഞു. റോളർ ഫുട്ബാളിന് 2003 മുതൽ ലോകകപ്പ് മത്സരമുണ്ടെങ്കിലും അമേരിക്കയും യുറോപ്യൻ രാജ്യങ്ങളുമാണ് മുടിചൂടാമന്നന്മമാർ. സാദാ ഫുട്ബാളിൽ പോലും ലോകകപ്പിന്റെ ഏഴയലത്ത് എത്താനാകാത്ത ഇന്ത്യൻ പരിമിതി ചക്രവേഗത്തിൽ മറികടക്കാനാണ് നാമക്കുഴി സംഘത്തിന്റെ ലക്ഷ്യം. അതിലേക്ക് ഇനിയും ഒരുപാട് കടമ്പകൾ താണ്ടാനുണ്ട്. ശക്തരായ സ്പോൺസർമാരുടെ പിന്തുണയുണ്ടെങ്കിൽ ഈ ചക്രങ്ങളെ അതിവേഗം മുന്നോട്ട് കുതിപ്പിക്കാമെന്നാണ് ജോമോനും സംഘവും പറയുന്നത്.