വണ്ടിപ്പെരിയാർ: പുതുമഴയിൽ പെരിയാർ നദിയിൽ മാലിന്യം ഒഴുകിയെത്തിയ സംഭവത്തിൽ ജില്ലാ ശുചിത്വമിഷൻ അധികൃതർ വണ്ടിപ്പെരിയാർ പഞ്ചായത്തിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. നിലവിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇത്രയധികം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒഴുകിയെത്താനുണ്ടായ കാരണം റിപ്പോർട്ട് ചെയ്യാനുമാണ് ജില്ലാ ശുചിത്വമിഷൻ സാങ്കേതിക വിഭാഗം അധികൃതർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ വേനൽ മഴയിലാണ് പെരിയാറിന്റെ പ്രഭവ കേന്ദ്രം മുതൽ നദിയിൽ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിയെത്തിയത്. ഇത് സംബന്ധിച്ച് കേരളകൗമുദിയടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ശുചിത്വമിഷൻ പഞ്ചായത്തിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ചോറ്റുപാറ കൈത്തോട്ടിലൂടെയാണ് നദിയിലേക്ക് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ഒഴുകിയെത്തുന്നത്. കൈ തോടിന് ഇരുവശങ്ങളിലുമായി താമസിക്കുന്നവർ മാലിന്യം തള്ളുന്നതിനു പുറമേ ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങളും തോട്ടിലൂടെയാണ് ഒഴുക്കി വിടുന്നത്. മുമ്പ് മാലിന്യങ്ങൾ ഒഴുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടാവാതെ വന്നതോടെയാണ് മാലിന്യപുഴയായി മാറിയത്. ഒഴുകിയെത്തുന്ന ഇവ പാലത്തിനു സമീപം അടിഞ്ഞു കിടക്കുകയാണ്. വ്യാപാരശാലകൾ, പച്ചക്കറി വിൽപ്പന കേന്ദ്രങ്ങൾ, ഹോട്ടലുകൾ, വീടുകൾ തുടങ്ങി ശൗചാലയങ്ങളിലെ മാലിന്യം പോലും തോട്ടിലേക്ക് ഒഴുക്കുകയാണ്. മാലിന്യം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ കൊതുകും കൂത്താടികളും എണ്ണമറ്റ് പെരുകുകയാണ്. തോട്ടം മേഖലയിൽ പനി ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. മഴ പെയ്തതപ്പോഴാണ് മാലിന്യം പെരിയാർ നദിയിലേക്ക് ഒഴുകിയെത്തിയത്. 63ാം മൈൽ മുതൽ പെരിയാർ ടൗൺ വരെ നിരവധി പേരാണ് കൈതോടിനോട് ചേർന്ന് താമസിക്കുന്നത്. ഇതിൽ പല വീടുകളിൽ നിന്നും മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നുണ്ട്. പെരിയാർ ടൗണിലെ പ്രധാന ഓടയിലൂടെ വൻതോതിൽ മാലിന്യം തള്ളുന്നുണ്ട്. ഇതൊന്നും തടയാൻ പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

'പെരിയാർ നദിയിൽ മാലിന്യം ഒഴുകിയെത്തിയ സംഭവം ഗൗരവകരമായി തന്നെ അന്വേഷിക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം. ജില്ലാ ശുചിത്വമിഷനിലേക്ക് ഇത് സംബന്ധിച്ച് ഉടൻ റിപ്പോർട്ട് കൈമാറും."

-അജിത്ത് എസ്.എൻ.
(പഞ്ചായത്ത് സെക്രട്ടറി വണ്ടിപ്പെരിയാർ)​