theft
ക്ഷേത്ര കാണിക്കവഞ്ചി തകർത്ത നിലയിൽ

മറയൂർ: ചട്ട മൂന്നാർ ലക്കം ന്യൂ ഡിവിഷണിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് മോഷ്ടാക്കൾ പണം കവർന്നു. സമീപത്തുള്ള തൊഴിലാളികൾക്ക് വേതന വിതരണം നടത്തുന്ന കണ്ണൻദേവൻ കമ്പനിയുടെ സ്റ്റാഫ് ക്വാർട്ടേഴ്‌സിന്റെ വാതിലിന്റെ പൂട്ട് തകർത്ത് മോഷ്ടിക്കാനും ശ്രമിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. സമീപത്ത് തൊഴിലാളി ലയങ്ങൾ ഉണ്ടെങ്കിലും പുലർച്ചയാണ് മോഷണവിവരം പുറത്തറിഞ്ഞത്. ലക്കം ന്യൂ ഡിവിഷനിലെ വിനായക ക്ഷേത്രത്തിന്റെയും കാളിയമ്മൻ ക്ഷേത്രത്തിന്റെയും ഭണ്ഡാരങ്ങളാണ് കുത്തിതുറന്ന് പണം കവർന്നത്. കൃത്യമായി എത്ര തുകയുണ്ടായിരുന്നെന്ന് അറിയില്ലെങ്കിലും ഒരു വർഷത്തെ ഭക്തജനങ്ങളുടെ കാണിക്കയുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. തിങ്കളാഴ്ച പുലർച്ചെ തൊഴിലാളികൾക്ക് പണി ആയുധങ്ങൾ നൽകാനായി ക്വാർട്ടേഴ്‌സിൽ എത്തിയവരാണ് വാതിലിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ക്ഷേത്രത്തിൽ മോഷണം നടന്ന വിവരമറിഞ്ഞത്. ശനിയാഴ്ച തൊഴിലാളികളുടെ ശമ്പള ദിവസമായതിനാൽ പണം ബാക്കി കാണുമെന്ന പ്രതീക്ഷയിലാണ് ക്വാർട്ടേഴ്‌സിന്റെ വാതിലിലെ പൂട്ട് തകർത്ത് മോഷ്ടാക്കൾ അകത്തു കയറിയതെന്ന് കരുതുന്നു. ഇവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.