മറയൂർ: മറയൂർ പഞ്ചായത്തിൽ അഞ്ചു നാട്ടാൻ പാറയിൽ കാട്ടുതീ പടരുന്നു. പുൽമേടുകളിൽ ആളിപടർന്ന കാട്ടു തീ വനം വകുപ്പിന്റെ വാറ്റിൽ പ്ലാന്റേഷനിലേക്ക് പടരാതിരിക്കാൻ മറയൂർ വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രി വൈകിയും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടുകൾ വളർച്ചയുള്ള പതിനായിരത്തിലധികം വാറ്റിൽ മരങ്ങൾ ഈ മേഖലയിലുണ്ട്. മറയൂർ, നാച്ചി വയൽ ഫോറസ്റ്റ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ, വന സംരക്ഷണ സമിതി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണയ്ക്കുന്നത്. മറയൂർ റേഞ്ച് ഓഫീസർ ജോബ്. ജെ. നര്യാംപറമ്പിൽ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ. നിസാം, പി.പി. രാമചന്ദ്രൻ, മനീഷ് ഫൈസൽ, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നൂറിലധികം പേർ തീയണയ്ക്കുന്നതിന് മല കയറിയിട്ടുണ്ട്. കഴിഞ്ഞ കുറിഞ്ഞി സീസണിൽ ഏറ്റവും കൂടുതൽ കുറിഞ്ഞിപ്പൂക്കൾ വിരിഞ്ഞ പ്രദേശത്തിലാണ് ഇപ്പോൾ കാട്ടുതീ പടർന്നിരിക്കുന്നത്.