കുമളി: യൂണിഫോം ധരിക്കാതെ എത്തിയ വിദ്യാർത്ഥിയെ ചോദ്യം ചെയ്ത അദ്ധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും കുമളിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി. മനഃപൂർവ്വം വിദ്യാർത്ഥിക്കെതിരെ കള്ളക്കേസെടുത്തെന്ന് ആരോപിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കുമളി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ചെങ്കര സ്വദേശി അബി സുരേഷ് ഹാൾ ടിക്കറ്റ് വാങ്ങുന്നതിനായി യൂണിഫോം ധരിക്കാതെ എത്തിയത് ചോദ്യം ചെയ്ത അദ്ധ്യാപകനെ മർദ്ദിച്ചതായി വാർത്തയുണ്ടായിരുന്നു. പരിക്കേറ്റ അദ്ധ്യാപകൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ അദ്ധ്യാപകനാണ് മോശമായി പെരുമാറിയതെന്നും വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ അടച്ചിട്ട് മറ്റ് അദ്ധ്യാപകരെ വിളിച്ച് പ്രശ്‌നം രൂക്ഷമാക്കി പൊലീസിൽ അറിയിക്കുകയാണ് ഉണ്ടായതെന്ന് വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം മുപ്പതോളം പേർ മാർച്ചിൽ പങ്കെടുത്തു.