sandal-theft
ചന്ദനവുമായി പിടിയിലായ പ്രതികൾ

മറയൂർ: മറയൂർ ചന്ദനക്കാടുകളിൽ നിന്ന് സ്ഥിരമായി ചന്ദനം കടത്തുന്ന സംഘത്തിലെ രണ്ട് പേർ വനപാലകരുടെ പിടിയിൽ. മലപ്പുറം പുൽപറ്റ പുക്കളത്തൂർ മണ്ണോലിൽ ഷിജു എന്ന് വിളിക്കുന്ന ഷെയ്ഫ്ദ്ദീൻ (26),​ കാസർക്കോട് സ്വദേശി കോരിക്കണ്ടം മധുസൂദനനൻ (36) എന്നിവരെയാണ് അടിമാലി വാളറ ഭാഗത്ത് വച്ച് വനപാലകർ പിടികൂടിയത്. മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ബി. രഞ്ചിത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് ചന്ദന മാഫിയ സംഘത്തെ പിടികൂടിയത്. മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. വനപാലകരെ കണ്ടതിനെ തുടർന്ന് ഓരാൾ സമീപത്തെ കൊക്കയിലേക്ക് എടുത്ത് ചാടി രക്ഷപ്പെട്ടു. കാറിനുള്ളിലുണ്ടായിരുന്നവരെ പിടികൂടി പരിശോധിച്ചതിനെ തുടർന്ന് രഹസ്യ അറകളിലാക്കി ഒളിപ്പിച്ച 60 കിലോഗ്രാം ചന്ദനം കണ്ടെടുത്തു. നാച്ചിവയൽ അമ്പലപ്പാറ ഭാഗങ്ങളിൽ നിന്ന് മുറിച്ച കടത്തിയ ചന്ദനമാണ് ഇവർ സ്ഥിരമായി കടത്തി കൊണ്ടിരുന്നത്. ചന്ദനം കടത്താൻ ഉപയോഗിച്ച കെ.എൽ 18 ഡി 4500 എസ് എക്‌സ് ഫോർ വാഹനവും വനപാലകർ കസ്റ്റഡിയിലെടുത്തു. വാഹനത്തിനുള്ളിൽ രഹസ്യ അറകൾക്ക് പുറമേ തമിഴനാട്ടിലേക്ക് കടക്കുമ്പോൾ ഉപയോഗിക്കുന്നതിനായി തയ്യാറാക്കി വച്ചിരുന്ന വ്യാജ നമ്പർ പ്ലേറ്റും രണ്ട് വ്യാജ ആർ.സി ബുക്കുകളും കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്തതിൽ വിലയേറിയ വിവരങ്ങൾ ലഭിച്ചതായി മറയൂർ റെയ്ഞ്ച് ഓഫീസർ ജോബ്.ജെ.നര്യാംപറമ്പിൽ പറഞ്ഞു. റേഞ്ച് ഓഫീസറോടൊപ്പം ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ പി.എസ്. സജീവ്, എ. നിസാം, എസ്.എഫ്.ഒമാരായ സി.കെ. സജിമോൻ, സുജിത് സി.കെ, ബി.എഫ്.ഒമാരായ പി.ആർ.സുധീഷ്, ഗോകുൽദാസ്, നിതീഷ്, സതീഷ്, ജിന്റോ മോൻ വർഗീസ്, കെ. രാമകൃഷ്ണൻ, എസ്. അനിൽകുമാർ, സെൽവരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണം നടക്കുകയാണ്.