ഇടുക്കി: കുട്ടികളുടെ കാവലാളായി ഒരു പതിറ്റാണ്ടുകാലത്തെ സേവനം പൂർത്തിയാക്കി പി.ജി. ഗോപാലകൃഷ്ണൻ ജില്ല ശിശുക്ഷേമസമിതി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് വിരമിച്ചു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ക്രിയാത്മകമായി ഇടപെടാനായെന്ന ചാരിതാർത്ഥ്യമുണ്ടെന്ന് ചുമതല ഒഴിഞ്ഞശേഷം ഗോപാലകൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു. 2008ൽ അഡ്വ. സാബു തോമസിന്റെ (പീരുമേട്) നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി സംസ്ഥാനത്തെ ആദ്യ ശിശുസൗഹൃദ ജില്ലയായി ഇടുക്കിയെ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്തവർഷമാണ് സി.ഡ്ബ്ല്യു.സി അദ്ധ്യക്ഷനായി ഗോപാലകൃഷ്ണൻ ചുമതലയേറ്റത്.

മൂന്നുവർഷ കാലാവധിയുള്ള സമിതിയിൽ രണ്ടുതവണയായി 6 വർഷവും പിന്നീട് സാങ്കേതിക കാരണങ്ങളാൽ 4 വർഷവും ഉൾപ്പെടെ 10 വർഷം സേവനം പൂർത്തിയാക്കി. ഈ കാലയളവിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് 800 ൽ അധികം കേസുകൾ കൈകാര്യം ചെയ്തു. ഇതിൽ പലതും പൊലീസിന്റെ തുടർ അന്വേഷണത്തിലും, ചിലത് കോടതികളിൽ വിചാരണയിലുമാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ തടയുന്നതിൽ 2013 ൽ നിലവിൽ വന്ന പോക്സോ നിയമത്തിന്റെ പിൻബലത്തിൽ ശക്തമായ ഇടപെടലുകളാണ് നടത്തിയത്. പലകാരണങ്ങളാൽ മുങ്ങിപ്പോകുമായിരുന്ന നിരവധി കേസുകൾ പുറത്തുകൊണ്ടുവരാനായെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ശിശു സംരക്ഷണകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ അച്ചടക്കരാഹിത്യവും അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ കുട്ടികളെ പാർപ്പിക്കുന്നതുമുൾപ്പെടെ ഗുരുതരമായ ക്രമക്കേടുകളുണ്ട്. ഈ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലുണ്ടാകണം. കൃത്യമായ പരിശോധനയും മേൽനോട്ടവും ഇന്ന് നടക്കുന്നില്ല. സമൂഹം പുറംതള്ളുന്ന കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. 18 വയസിന് ശേഷം അവർ സമൂഹത്തിന് ആവശ്യമുള്ളവരായി വളർന്നുവരണം. അതിനുവേണ്ടി ഓരോരുത്തരുടേയും പ്രശ്നങ്ങളും സാധ്യതകളും കണ്ടറിഞ്ഞുള്ള പദ്ധതികളുണ്ടാകണം. പൊതുവായി വിഭാവനം ചെയ്യുന്ന പദ്ധതികൾ എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടണമെന്നില്ല. കുട്ടികളുടെ സാഹചര്യങ്ങൾ ഭിന്നമാണ്. അതിനനുസരിച്ച് സംരക്ഷണരീതിയും രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂമാൻ കോളേജ് റിട്ട. പ്രൊഫസർ ജോസഫ് അഗസ്റ്റിൻ ആണ് ജില്ല ശിശുക്ഷേമസമിതിയുടെ പുതിയ അദ്ധ്യക്ഷൻ.