ഇടുക്കി: നിരവധി നിർണായക രാഷ്ട്രീയ തീരുമാനങ്ങൾക്ക് വേദിയായിട്ടുള്ള പി.ജെ. ജോസഫിന്റെ പുറപ്പുഴ പാലത്തിനാൽ വീട് ഇത്തവണയും തിരഞ്ഞെടുപ്പ് കാലത്തെ പതിവ് തെറ്റിച്ചിട്ടില്ല.
രണ്ടുദിവസമായി ഈ വീട് രാഷ്ട്രീയ സമ്മേളനവേദിയാണ്. മുറ്റം നിറയെ കൂടിയാലോചനകളിൽ മുഴുകിയ കേരള കോൺഗ്രസ് (എം) സംസ്ഥാന, ജില്ലാ, പ്രാദേശിക നേതാക്കൾ. അകത്ത് അടച്ചിട്ട മുറിയിൽ മുതിർന്ന നേതാക്കളുമായി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിന്റെ രഹസ്യചർച്ചകൾ. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച കൂടിയാലോചനകളാണ് നടക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് പാലത്തിനാൽ വീട്ടിൽ ചർച്ച മുറുകുന്നതിനിടെ പാലായിലെ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ പാർട്ടി ചെയർമാൻ കെ.എം. മാണി കോട്ടയത്തെ സ്ഥാനാർത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. വർക്കിംഗ് ചെയർമാന് പാർട്ടി സ്ഥാനാർത്ഥിയെ അറിയാൻ ടി.വി. ചാനലുകളെ ആശ്രയിക്കേണ്ടിവന്നതോട രംഗം ചൂടായി. പാലത്തിനാൽ നിന്ന് പുറത്തുചാടിയ നേതാക്കൾ ഒമറ്റത്ത് ഫാക്ടറി ഉടമയുടെ വീട്ടിൽ ഒത്തുകൂടി കൂടുതൽ അസ്വസ്ഥരായി പിരിഞ്ഞു.
ഇന്നലെ രാവിലെ പാലത്തിനാൽ വീട്ടുമുറ്റം വീണ്ടും സജീവമായി. മാദ്ധ്യമങ്ങളും നേതാക്കളും എത്തി. ഉച്ചയോടെ ഉന്നതാധികാര സമിതി അംഗം കെ.സി. ചാണ്ടി മാദ്ധ്യമങ്ങളോട് നയം വ്യക്തമാക്കി. കെ.എം. മാണിയും കൂട്ടരും ജോസഫ് വിഭാഗത്തെ ചതിച്ചെന്ന മട്ടിലായിരുന്നു ചാണ്ടിയുടെ പ്രതികരണം. തൊട്ടുപിന്നാലെ മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ.പൗലോസ് എത്തി ജോസഫുമായി ആശയവിനിമയം നടത്തി. ഡൽഹിയിലുള്ള ഉമ്മൻചാണ്ടിയുടെ ഉപദേശപ്രകാരമാണ് റോയി എത്തിയതെന്നും സംസാരമുണ്ടായി. പുറത്തുവന്ന റോയി മാദ്ധ്യമങ്ങളുടെ പല ചോദ്യങ്ങൾക്കും മുന്നിൽ ഒഴിഞ്ഞുമാറി. പി.ജെ. ജോസഫ് യു.ഡി.എഫിന്റെ കരുത്തനായ നേതാവാണെന്നും ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ളവരാണ് നേതാക്കളെന്നുമായിരുന്നു ആകെയുള്ള പ്രതികരണം.പിന്നെയും ഉദ്വേഗഭരിതമായ നില വൈകിട്ട് 6 വരെ തുടർന്നു. പിന്നീട് യു.ഡി.എഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ച് ജോസഫ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഭാവി ഇന്ന് തലസ്ഥാനത്ത് യു.ഡി.എഫ് നേതാക്കൾ തീരുമാനിക്കുമെന്ന ശുഭപ്രതീക്ഷയോടെ..