roopatha-circuler

ഇടുക്കി:കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനും ജോയിസ് ജോർജിനും അനുകൂലമായി പരസ്യനിലപാട് സ്വീകരിച്ച രൂപത ഇടുക്കി രൂപത നിലപാട് മാറ്റി. പുരോഹിതർ നിഷ്പക്ഷതപാലിക്കണമെന്ന കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

രൂപതയിലെ 187 വൈദികരും ഉൾപ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഇംഗ്ളീഷിൽ തയ്യാറാക്കിയ സർക്കുലർ അയച്ചത്. വൈദികർ യാതൊരു കാരണവശാലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട് ഇടപെടരുതെന്നും, ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാൻ കഴിവുള്ളവരാണ് വിശ്വാസികളെന്നും സർക്കുലറിൽ ഓർമ്മപ്പെടുത്തുന്നു. വൈദികരുടെ ജോലി ആത്മീയ പ്രവർത്തനമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഇടപെടരുത്, പൊതുവേദികളിൽ പങ്കെടുക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്.

2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർമാത്യു ആനിക്കുഴിക്കാട്ടിൽ ആയിരുന്നു. അന്ന് മാധവ് ഗാഡ്ഗിൽ - കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ സമരം നടത്തിയിരുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ മുന്നണി പോരാളിയായിരുന്ന ബിഷപ്പ് അതേ സമരസമിതിയുടെ അഭിഭാഷകനും വക്താവുമായിരുന്ന ജോയിസ് ജോർജിന് വേണ്ടി പരസ്യനിലപാട് സ്വീകരിക്കുകയായിരുന്നു. ഇത് പിന്നീട് വിശ്വാസികളുടെ രൂക്ഷമായ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. ഇത്തവണ രൂപതയുടേത് അന്തസായ തീരുമാനമാണെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പ്രതികരിച്ചു.