വണ്ടിപ്പെരിയാർ: കൊട്ടാരക്കര- ദിണ്ഡുക്കൽ ദേശീയപാതയിൽ വണ്ടിപ്പെരിയാർ ഭാഗത്ത് റോഡ് നിർമ്മാണം മന്ദഗതിയിലായതോടെ പൊടിശല്യം രൂക്ഷമായി.
ചുരക്കുളം കവല മുതൽ നെല്ലിമല ജംഗ്ഷൻ വരെ ഉപരിതലം ഉയർത്തി വീതികൂട്ടുന്ന ജോലികളാണ് നടക്കുന്നത്. കഴിഞ്ഞ പ്രളയത്തിന് ശേഷം തുടങ്ങിയ നിർമ്മാണം ഇതുവരെയും പൂർത്തിയായില്ല. മണ്ണിട്ട് ഉയർത്തിയ ഭാഗങ്ങൾ ഉറപ്പിക്കുന്ന പണികൾ ഏതാണ്ട് പൂർത്തിയായെങ്കിലും ടാറിങ് നടത്തിയിട്ടില്ല. ഇതുവഴി വാഹനങ്ങൾ കടന്നു പോകുമ്പോൾ പ്രദേശമാകെ പൊടിപടലങ്ങൾ കൊണ്ട് നിറയും. സമീപത്തെ വീടുകളിൽ താമസിക്കുന്നവരാണ് ഇതുമൂലം ഏറെ ദുരിതമനുഭവിക്കുന്നത്. കാൽനടക്കാരും ഇരുചക്രവാഹന യാത്രക്കാരും തുല്യദു:ഖിതരാണ്. പൊടികാരണം ശ്വാസതടസമുണ്ടാവുകയും കണ്ണുതുറക്കാനാവാതെ വരികയും ചെയ്യുന്നതാണ് ഇരുചക്രവാഹന യാത്രക്കാർ നേരിടുന്ന പ്രതിസന്ധി. പ്രദേശത്തെ നിരവധി ചെറുകിട വ്യാപാര സ്ഥാപനങ്ങളും പൊടികാരണം അടച്ചുപൂട്ടി. നേരത്തെ റോഡ് മണ്ണിട്ട് ഉയർത്തിയ സമയങ്ങളിൽ പൊടിശല്യം ഉണ്ടാവാതിരിക്കാൻ ഒന്നരകിലോമീറ്റർ ദൂരം ദിവസവും രണ്ടുനേരം വെള്ളമൊഴിച്ച് നനയ്ക്കുമായിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നിർമ്മാണപ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയും നനയ്ക്കൽ പൂർണമായി നിറുത്തുകയും ചെയ്തു. അടിയന്തിരമായി നിർമ്മാണജോലികൾ പൂർത്തിയാക്കുകയോ റോഡിൽ കൃത്യമായി വെള്ളം ഒഴിച്ച് പൊടിശല്യം ശമിപ്പിക്കാൻ നടപടിയെടുക്കുകയോ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ പീരുമേട്ടിലെ ടാർമിക്സിംഗ് പാന്റ് നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് അടച്ചുപൂട്ടിയതുകാരണമാണ് വണ്ടിപ്പെരിയാറ്റിൽ റോഡ് നിർമ്മാണം വൈകുന്നതെന്നാണ് കരാറുകാരൻ പറയുന്നത്. അനധികൃത ടാർ മിക്സിംഗ് പ്ലാന്റിനെതിരെ പീരുമേട്ടിലെ നാട്ടുകാർ സമരം ചെയ്തതിന്റെ പ്രതികാരം തീർക്കാൻ റോഡ് നിർമ്മാണത്തിൽ കാലാതമസം വരുത്തി തങ്ങളോട് പകപോക്കുകയാണെന്നാണ് വണ്ടിപ്പെരിയാറിലെ നാട്ടുകാരുടെ പരാതി. ടാർ പ്ളാന്റ് അടച്ചെങ്കിലും റോഡിൽ വെള്ളം ഒഴിച്ച് പൊടിശല്യം ഇല്ലാതാക്കാൻ എന്താണ് തടസമെന്നും നാട്ടുകാർ ചോദിക്കുന്നു.
പീരുമേട് - കുമളി പാതയിൽ 35 കോടിരൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. വണ്ടിപ്പെരിയാറിൽ റോഡ് ഉയർത്തുന്നതിനൊപ്പം പഴയ പാമ്പനാർ, പാമ്പനാർ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ നടപ്പാതകളിൽ തറ ഓട് പാകി മോടിപിടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. പലസ്ഥലങ്ങളിലും പാർക്കിംഗ് തിരക്കുമൂലം അപകടങ്ങൾ പതിവാകുകയും കാൽനട പോലും ദുസഹമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാന നടപ്പാതകളുടെ വികസനത്തിന് പദ്ധതിയുണ്ടാക്കിയത്.