jk
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനായി കലക്ടറേറ്റിൽചേർന്നയോഗത്തിൽ ജില്ലാകലക്ടർ എച്ച് ദിനേശൻ സംസാരിക്കുന്നു.

ഇടുക്കി : ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനായി പ്രത്യേക യോഗംചേർന്നു. ജില്ലാകലക്ടർ എച്ച് ദിനേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കുമുള്ള പെരുമാറ്റചട്ടം, നാമനിർദ്ദേശ പത്രിക സമർപ്പണം, പരാതികളും നിർദ്ദേശങ്ങളും, നിരീക്ഷണ പ്രവർത്തനങ്ങൾ, ബൂത്തുകൾ തുടങ്ങിയവ സംബന്ധിച്ച് വിശദീകരണം നൽകി.

ജില്ലയിലെ പൊതുസ്ഥലങ്ങളിലെ മുഴുവൻ ഫ്ളക്സുകളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുടെ സഹകരണം ഉണ്ടാകണമെന്നും സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകളുടെ അനുമതി രേഖകൾ സ്വകാഡ് ആവശ്യപ്പെടുന്നതനുസരിച്ച് നൽകണമെന്നും തിരഞ്ഞെടുപ്പിൽ പൂർണമായും ഹരിതപെരുമാറ്റചട്ടം പാലിക്കണമെന്നും കളക്ടർനിർദ്ദേശിച്ചു. കളക്ടറേറ്റ് എൻ ഐ.സി ഹാളിൽ നടന്നയോഗത്തിൽ സബ്കലക്ടർ ഡോ.രേണു രാജ്, എ ഡി എം അനിൽ ഉമ്മൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജോസ്‌ ജോർജ്, ആർ ഡി ഒ എം പി വിനോദ്,​ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മാത്യു വർഗീസ്, എം.ഡി അർജ്ജുനൻ, എം.ജെ. മാത്യു, അനിൽ കൂവപ്ലാക്കൽ, സി.ഡി.ദേവസ്യ, സണ്ണി ഇല്ലിക്കൽ, എ ആർ ഒമാർ തുടങ്ങിയവർ പങ്കെടുത്തു.

പത്രികസമർപ്പണം 28 മുതൽ

ഈ മാസം 28 മുതൽ ഏപ്രിൽ 4 വരെ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെയാണ് പത്രിക സമർപ്പണത്തിനുള്ള സമയം. നാമനിർദ്ദേശ പത്രികകൾ ജില്ലാ വരണാധികാരിക്കൊ /ഇടുക്കി ആർ ഡി ഒ ക്കൊ സമർപ്പിക്കാം. പത്രിക സമർപ്പിക്കാൻ എത്തുന്ന രാഷ്ട്രീയ പാർട്ടികളുടെ മൂന്ന് വാഹനങ്ങൾക്ക് മാത്രമാണ് കലക്ടറേറ്റ് കോമ്പൗണ്ടിൽ പ്രവേശനമുണ്ടാകു. പത്രിക സമർപ്പണവേളയിൽ സ്ഥാനാർത്ഥി ഉൾപ്പെടെ അഞ്ചുപേർ മാത്രമെ ഓഫീസിൽ പ്രവേശിക്കാവു. സ്ഥാനാർത്ഥിക്ക് നാലുസെറ്റ് പത്രികകൾവരെ നൽകാം. സ്ഥാനാർത്ഥികൾ ക്രമിനൽ കേസുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവ സംബന്ധിച്ച് സത്യവാങ്മൂലം ഫോം 26 ൽ രേഖപ്പെടുത്തി നാമനിർദ്ദേശ പത്രികയോടൊപ്പം നൽകണം. പത്രികകളുടെ സൂഷ്മപരിശോധന ഏപ്രിൽ 5 പിൻവലിക്കാനുള്ള തിയതി ഏപ്രിൽ എട്ടുമാണ്.

70 ലക്ഷം രൂപ ചെലവഴിക്കാം

എഴുപത് ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ സ്ഥാനാർത്ഥികൾക്കും ചെലവഴിക്കാവുന്ന തുക. നാമനിർദ്ദേശ പത്രികയോടൊപ്പം ജനറൽ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിന് 12,500 രൂപയും സ്ഥാനാർത്ഥികൾ കെട്ടിവെയ്ക്കണം.