ll
ഉഷ

തൊടുപുഴ : കാൻസർ ബാധിച്ച വീട്ടമ്മയും കുടുംബവും ചികിത്സയ്ക്കും നിത്യച്ചെലവിനും നിവർത്തിയില്ലാതെ നട്ടംതിരിയുന്നു. കോടിക്കുളം പുത്തൻപുരയ്ക്കൽ സുന്ദരന്റെ ഭാര്യ പി.എസ്. ഉഷയെയാണ് കാൻസർ വിടാതെ പിന്തുടരുന്നത്. 2016 ൽ ഗർഭാശയ കാൻസർ ബാധിച്ച് ഏറെ നാളത്തെ ചികിത്സയ്ക്കുശേഷം സുഖംപ്രാപിച്ചു. ഇതിൽ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് മാറിലും കാൻസർ ബാധിച്ചത്. ഇപ്പോൾ തിരുവനന്തപുരം ആർ.സി.സി.യിലെ ചികിത്സയിലാണ്. ഭർത്താവ് സുന്ദരൻ മേസ്തിരിപ്പണി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നിരന്തരം തിരുവനന്തപുരത്തിന് പോകേണ്ടി വരുന്നതുകൊണ്ട് സുന്ദരന്റെ ജോലിയും മുടങ്ങി വരുമാനവും നിലച്ചു. മാതാവിന്റെ രോഗബാധകാരണം മൂത്തമകൻ അരുൺ പത്താംക്ലാസിൽ പഠനം നിർത്തി. ഇപ്പോൾ ഷീറ്റ് മേയുന്ന തൊഴിൽ പഠിക്കുകയാണ്. അടുത്തവർഷമെങ്കലും സ്കൂളിൽ ചേർന്ന് പഠനം തുടരണമെന്നാണ് അരുണിന്റെ ആഗ്രഹം. രണ്ടാമത്തെ മകൻ അനൂപ് ഇത്തവണ പത്താംക്ലാസ്സ് പരീക്ഷ എഴുതാനുള്ള ഒരുക്കത്തിലാണ്. കാരുണ്യ ഫണ്ടും സുമനസുകളുടെ സഹായത്തിലുമാണ് ചികിത്സ മുന്നോട്ടു കൊണ്ടു പോകുന്നത്. ചികിത്സയ്ക്കും നിത്യച്ചെലവിനും കുട്ടികളുടെ പഠനത്തിനും മാർഗമില്ലാതെ വിഷമിക്കുന്ന കുടുംബം സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ്. താൽക്കാികമായി വാടകവീട്ടിൽ താമസിക്കുന്ന ഈ കുടുംബത്തിന് 3 സെന്റ് സ്ഥലത്ത് ഗ്രാമപഞ്ചായത്തിൽ നിന്നും വീട് നിർമ്മിക്കുന്നതിനുള്ള പണികൾ നടന്നു വരികയുമാണ്.

സഹായഹസ്തം പ്രതീക്ഷിച്ച് കോടിക്കുളം യൂണിയൻ ബാങ്കിൽ ഉഷയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഉഷ സുന്ദർ, അക്കൗണ്ട് നമ്പർ : 347802010008234. ഐ.എഫ് എസ് സി - കോഡ് യുബിഐഎൻഒ 534781. ഉഷയുടെ ഫോൺ നമ്പർ : 9847138452.