തൊടുപുഴ: രണ്ട് വർഷത്തിനുള്ളിൽ ജില്ലയിലെ പ്രധാനപ്പെട്ട മുഴുവൻ റോഡുകളും ബിഎം & ബിസി ടാറിംഗ് നടത്തി ദേശീയ നിലവാരത്തിലെത്തുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് പറഞ്ഞു. 3000 കോടി രൂപയുടെ റോഡ് വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ദേശീയപാത വികസന പദ്ധതികളും സെൻട്രൽ റോഡ് ഫണ്ടും (സിആർഎഫ്) കിഫ്ബിയിൽ നിർമ്മിക്കുന്ന റോഡുകളും പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന റോഡുകളും പ്രളയത്തിൽ തകരില്ലാത്ത 30 വർഷം നിലനിൽക്കുന്ന ഡിസൈൻ റോഡുകളും ഇടുക്കിയുടെ റോഡ് വികസന രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നും ജോയ്സ് ജോർജ് പറഞ്ഞു. തൊടുപുഴയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടർമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.