kk
കഞ്ഞക്കുഴി പഞ്ചായത്തിൽ പഞ്ചായത്ത് റോഡ് കൈയ്യേറി സ്വകാര്യ വ്യക്തി ഓട നിർമ്മിച്ചിരിക്കുന്നു.

ചെറുതോണി: സ്വകാര്യ വ്യക്തി അനധികൃതമായി നിർമ്മിച്ച പന്നിഫാം സംരക്ഷിക്കാൻ പഞ്ചായത്ത് റോഡ് ഓടവെട്ടി തകർത്തതായി പരാതി. കഞ്ഞിക്കുഴി പഞ്ചായത്തിൽ എട്ടാം വാർഡിലാണ് അനധികൃത റോഡ് കൈയ്യേറ്റം നടന്നത്. പ്രദേശവാസികൾ സ്ഥലം വിട്ടുനൽകി നിർമ്മിച്ചറോഡ് പഞ്ചായത്ത് ഏറ്റെടുക്കുകയും ചിലയിടങ്ങളിൽ കോൺക്രീറ്റ് ചെയ്യുകയും സംരക്ഷണഭിത്തി നിർമ്മിക്കുകയും ചെയ്തിരുന്നു. ഞവരക്കാട്ട്പടി - വെട്ടിക്കൽപടി - മാനത്തൂർപടി ഭാഗങ്ങളിലുള്ള കുടുംബങ്ങളുടെ ഏകസഞ്ചാര മാർഗമാണ് ഈ റോഡ്. മണ്ണ് റോഡാണെങ്കിലും കാറും ഓട്ടോറിക്ഷയും വരെ സഞ്ചരിച്ചിരുന്നു. അതിലാണ് ഓടവെട്ടി ഗതാഗതം തടസപ്പെടുത്തിയത്. സംഭവത്തിനെതിരെ പഞ്ചായത്ത് ഓഫീസിലും ജില്ലാ കളക്ടർക്കും നാട്ടുകാർ പരാതി നമൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിന്റെയോ മലിനീകരണ നിയന്ത്രണബോർഡിന്റെയോ ആരോഗ്യ വകുപ്പിന്റെയോ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പന്നിഫാമിനെതിരെയും നാട്ടുകാർ ആർഡിഒ ക്ക് പരാതി നൽകിയിട്ടുണ്ട്. ഫാമിൽ നിന്നുള്ള ദുർഗന്ധം രൂക്ഷമായതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. ആർഡിഒ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും നടപടിയെടുക്കാൻ പഞ്ചായത്ത് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. അനധികൃതഫാം അടച്ചുപൂട്ടുകയും റോഡ് തുറന്നുനൽകുകയും ചെയ്തില്ലെങ്കിൽ മനുഷ്യാവകാശ കമ്മീഷനുൾപ്പെടെ പരാതി നൽകുമെന്നും ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.