മൂലമറ്റം: പിതാവിന്റെ ചിതയടങ്ങും മുമ്പേ കരളിൽകത്തുന്ന കനലുമായി അഭിജിത്തിന് ഇന്ന് എസ്.എസ്.എൽ.സി പരീക്ഷാഹിളിലേക്ക് പോകണം.

കഴിഞ്ഞ ദിവസം മരണമടഞ്ഞ മൂലമറ്റം ഇലപ്പള്ളി മിറ്റത്താനിക്കൽ സിജിയുടെ മകനാണ് അഭിജിത്ത്. സുഹൃത്തുക്കളുമൊത്ത് പുള്ളിക്കാനത്തിന് പോയ സിജിക്ക് അവിടെവച്ച് കടുത്ത ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടു. സുഹൃത്തുക്കൾ ചേർന്ന് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മരണം സംഭവിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ് റ്മോർട്ടത്തിൽ തലയിലെ ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്ന് സൂചനയുള്ളതായി കാഞ്ഞാർ എസ് ഐ പറഞ്ഞു. സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സിജിയുടെ സംസ്കാര ചടങ്ങുകൾ നടന്നു. ആകസ്മികമായുണ്ടായ ദുരന്തത്തിൽ പിതാവ് നഷ്ടപ്പെട്ട വേദനയ്ക്കിടയിലും എസ്.എസ്.എൽ.സി പരീക്ഷയോട് അവധി പറയാനാവാത്തതുകൊണ്ട് അദ്ധ്യാപകരും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ പകർന്നുനൽകുന്ന കരുത്തുമായാണ് അഭിജിത് ഇന്ന് മൂലമറ്റം എസ് എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരീക്ഷയെഴുതുന്നത്.