ചെറുതോണി: പ്രതിസന്ധിയിലായ കർഷകരുടെ അഞ്ചുലക്ഷം രൂപ വരെയും ആത്മഹത്യചെയ്ത കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്നും പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട കർഷകരെ സഹായിക്കാൻ കാർഷിക പാക്കേജ് പ്രക്യപിക്കണമെന്നും ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ കളക്ടറേറ്റിലേയ്ക്ക് ശവമഞ്ചവും വഹിച്ചുകൊണ്ട് പ്രതിക്ഷേധമാർച്ച് നടത്തി. പൈനാവിൽ നിന്നും ആരംഭിച്ച മാർച്ച് കളക്ടറേറ്റ് കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ ഡി.സി.സി. പ്രസിഡന്റ് ഇബ്രഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു, സർക്കാരിന് അൽപമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ജില്ലയ്ക്ക് അനുവദിച്ചെന്ന് പറയപ്പെടുന്ന അയ്യായിരം കോടിയിൽ നിന്ന് രണ്ടായിരം കോടിരൂപ വിനിയോഗിച്ച് കർഷകരുടെ കടങ്ങൾ എഴുതിതള്ളാൽ ധൈര്യം കാണിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഇ.എം ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. ജോർജ് ജോസഫ് പടവൻ തോമസ് രാജൻ, എ.പി ഉസ്മാൻ , പി.ആർ അയ്യപ്പൻ, അബ്ദുൾ റഷീദ്, ജോസ് മുത്തനാട്ട്,പി.കെ രാമകൃഷ്ണൻ, വർക്കി പൊടിപ്പാറ, എസ്.കെ വിജയൻ, ജനാർദ്ദനൻ പാനിപ്ര , ശിവരാമൻ ചെട്ടിയാർ, ബിജോയി ജോൺ, സൂട്ടർ ജോർജ് എന്നിവർ പ്രസംഗിച്ചു.