ചെറുതോണി: അതീവസുരക്ഷാ മേഖലയിൽപ്പെടുന്ന ചെറുതോണി അണക്കെട്ടിന് സമീപം വൈശാലി മലയിൽ കാട്ടുതീ പടർന്ന് ഏക്കറുകണക്കിന് സ്ഥലം അഗ്നിക്കിരയായി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് തീപിടുത്തമുണ്ടായത്. ചെറുതോണി അണക്കെട്ടിന്റെ സമീപത്തുനിന്നും ടൗൺ ഹാളിന്റെ സമീപത്തേയ്ക്ക് പടർന്ന തീ പെട്രോൾ പമ്പിന് സമീപം വരെയെത്തി. വൈദ്യുതി ബോർഡിന്റെയും വനംവകുപ്പിന്റെയും അധീനതയിലുള്ള പ്രദേശത്ത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ആളിപ്പടർന്ന തീയിൽ വന്യജീവികളും ധാരാളം വനസമ്പത്തും അഗ്നിക്കിരയായി. ഇടുക്കിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രിച്ചത്. വനംവകുപ്പ് യഥാസമയം ഫയർലൈൻ തെളിക്കാത്തതാണ് തീ പടരാൻ കാരണമെന്ന് ആരോപണമുണ്ട്. പെട്രോൾ പമ്പിന് സമീപം കാട്ടുതീയെത്തിയത് നാട്ടുകാരെ ഏറെ പരിഭ്രാന്തരാക്കി.