പീരുമേട്: കുട്ടിക്കാനത്ത് ജനവാസമേഖലയിലെ ടാർമിക്സിംഗ് പ്ലാന്റിനെതിരായ സമരം ഒത്തുതീർപ്പാക്കാൻ നടത്തിയ അനുരഞ്ജനചർച്ച പാരാജപ്പെട്ടു.

പ്ലാന്റിന്റെ പ്രവർത്തനം നിറുത്തിവെക്കണമെന്ന കർശന നിലപാടിൽ സമരസമിതി ഉറച്ചുനിന്നതോടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിദഗ്ധസമിതി രൂപീകരിച്ച് റിപ്പോർട്ട് തയ്യാറാക്കിയ ശേഷം തുടർ നടപടികളിലേക്ക് കടക്കാമെന്ന് തീരുമാനിച്ച് യോഗം പിരിയുകയായിരുന്നു. ചർച്ചക്ക് ശേഷം എം.എൽ.എ യും വിവിധ രാഷ്ട്രിയപാർട്ടി പ്രതിനിധികളും, ജനപ്രതിനിധികളം പ്ലാന്റ് സന്ദർശിച്ചു. ഇതിൽ നിന്നും സമരസമിതി നേതാക്കൾ വിട്ടുനിൽക്കുകയും ചെയ്തു. ഒരു മണിക്കൂർ പ്ലാന്റ് പ്രവർത്തിപ്പിച്ചായിരുന്നു പരിശോധന. കട്ടപ്പന - കുട്ടിക്കാനം സംസ്ഥാന പാതയിൽ ആഷ്‌ലിയിലാണ് വിവാദ ഹോട്ട് ടാർ മിക്സിംഗ് പ്ലാന്റ്. കഴിഞ്ഞ ദിവസം ഇവിടെ ട്രയൽറൺ നടത്തിയപ്പോൾ അന്തരീക്ഷത്തിലാകെ പൊടിയും പുകയും നിറഞ്ഞതിനെ തുടർന്നു നാട്ടുകാർസംഘടിച്ചെത്തി പ്രവർത്തനം നിറുത്തിവയ്പ്പിക്കുകയുമായിരുന്നു. തുടർന്ന് പീരുമേട് സിഐയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്ലാന്റിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തി വെക്കാനും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ പാതാവിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ ഇടപെട്ട് അനുരഞ്ജന ചർച്ച സംഘടിപ്പിച്ചത്. വിവിധ കക്ഷിനേതാക്കളും സമരസമിതിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്ലാന്റ് നടത്തിപ്പുകാരും ചർച്ചയിൽ പങ്കെടുത്തു. പ്ലാന്റ് വരുന്നതിലുള്ള ആശങ്കകൾ പ്രദേശവാസികൾ പങ്കുവെച്ചു. വികസനത്തിന് എതിരല്ലെന്നും പരിസ്ഥിതിക്കും ജനങ്ങളുടെ ജീവനും ഭീഷണിയുണ്ടാക്കുന്ന പ്ലാന്റ് ജനവാസമേഖലയിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്നുമുള്ള നിലപാടാണ് തങ്ങൾക്കുള്ളതെന്നും സമരസമിതി അറിയിച്ചു. പ്ലാന്റ് മൂലം യാതൊരു പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകില്ലെന്ന നടത്തിപ്പുകാരുടെയും ദേശീയപാതാ അധികൃതരുടെയും ഉറപ്പ് നാട്ടുകാർക്ക് വിശ്വസവുമല്ല. ജനങ്ങളുടെ ആശങ്ക പൂർണമായി പരിഹരിച്ചതിനുശേഷം മാത്രമേ പ്ലാന്റ് പ്രവർത്തിക്കാൻ അനുമതി നല്കൂവെന്ന് എം.എൽ.എ പിന്നീട് പറഞ്ഞു. ഇ.എസ്.ബിജിമോൾ എം.എൽ.എ, എക്സിക്യൂട്ടീവ് എൻജിനീയർ ടി.ദീപ, പീരുമേട് എസ്.ഐ ആർ രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ് രജനി വിനോദ് എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.