mavoyist
മറയൂർ അതിർത്തി വനമേഖലകളായ അമരാവതി ഉദുമലപെട്ട് ഭാഗങ്ങളിൽ നക്സൽ ഓപ്പറേഷൻ വിംഗ് പരിശോധന നടത്തുന്നു


മറയൂർ: മറയൂർ ചിന്നാർ വനാതിർത്തി പങ്കിടുന്ന ആനമല ടൈഗർ റിസർവിലെ തമിഴ്നാട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം സംശയിച്ച് തമിഴ്നാട് പൊലീസ് സംഘം പരിശോധന ആരംഭിച്ചു.

ആനമല ടൈഗർ റിസർവിലെ ഉദുമലപേട്ട - അമരാവതി റേഞ്ചുകളിൽ ആയുധധാരികളായ സംഘത്തെ കണ്ടതായി ആദിവാസികൾ നൽകിയ വിവരത്തെത്തുടർന്നാണ് തമിഴ്നാട് വനം വകുപ്പ്, പൊലീസ്, തമിഴ്നാട് നക്സൽ ഓപ്പറേഷൻ പൊലീസ് വിംഗ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് എന്നിവയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി തിരച്ചിൽ നടത്തുന്നത്. പരിശോധനയ്ക്കിടെ അമരാവതി മുതലവളർത്തൽ കേന്ദ്രത്തിന് സമീപത്തുനിന്ന് മഹാരാഷ്ട്ര സ്വദേശി ശംഭു (21) എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ നിന്നും തലയോട്ടിയോട് കൂടിയ കലമാനിന്റെ കൊമ്പു പിടിച്ചെടുത്തു. പരസ്പര വിരുദ്ധമായി സംസാരിച്ച യുവാവിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ചുങ്കം - തളിഞ്ചി മേഖലയിലെ തേനാറിന് സമീപം കാട്ടുതീ തടയുന്നതിനായി ഫയർലൈൻ തെളിയിച്ചുകൊണ്ടിരുന്ന ആദിവാസികളാണ് പത്തഗംസംഘം ട്രാവൽ ബാഗും ആയുധങ്ങളുമായി നടന്ന് പോകുന്നതായി കണ്ടത്. വളരെപ്പെട്ടന്ന് തന്നെ ഇവർ വനമേഖലയിലേക്ക് കടന്ന് പോയതായും ഇവർ അറിയിച്ചു. വിവിധ അന്വേഷണ സംഘങ്ങൾക്ക് പുറമെ ദളി പൊലീസ് ഇൻസ്‌പെക്ടർ ശ്രീരാമചന്ദ്രൻ, എസ് ഐ മാരായ ശരവണ കുമാർ ബാലാജി എന്നിവരുടെ നേതൃത്വത്തിൽ അതിർത്തി മേഖലയിൽ വാഹന പരിശോധനയും വനാതിർത്തികളിൽ പെട്രോളിങ്ങും നടത്തുന്നുണ്ട്. വനത്തിൽ കണ്ട സായുധസംഘം മറയൂർ ചിന്നാർ വനമേഖലയിലെ ചന്ദനമരങ്ങൾ ലക്ഷ്യം വച്ചെത്തിയവരാകാനും പൊലീസ് സംശയിക്കുന്നുണ്ട്.