മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ ജനവാസമേഖലയിലും കൃഷിയിടങ്ങളിലും കാട്ടാനശല്യം രൂക്ഷമായി തുടരുന്നതിൽ പ്രതിഷേധിച്ച് കർഷക സമിതിയുടെ നേതൃത്വത്തിൽ പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.

ഇന്നലെ രാവിലെ നടന്ന ഉപരോധസമരം കെ.ബി. ശരവണ ദാസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കുറെ മാസങ്ങളായി വെട്ടുകാട്, കീഴാന്തൂർ, മാശി ആടിവയൽ, കരിക്കുളം മേഖലകളിൽ ഇരുപതിലധികം ആനകൾ വിവിധ സംഘങ്ങളും ഒറ്റയ്ക്കും തമ്പടിച്ച് ജനങ്ങളിൽ ഭീതിപടർത്തി കൃഷിനാശിപ്പിക്കുയാണ്. ശീതകാല പച്ചക്കറികളും വാഴകൃഷിയും വ്യാപകമായി നശിച്ചു. രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിൽ കാവൽ കിടക്കാൻ പോലും പറ്റാത്ത സാഹചര്യമാണന്ന് കർഷകർ പറയുന്നു. മറയൂർ കാന്തല്ലൂർ റോഡിൽ നിരവധി തവണ വാഹനങ്ങളെയും യാത്രക്കാരെയും ആനക്കൂട്ടം ആക്രമിച്ചു. ഭാഗ്യംകൊണ്ട് അപകടങ്ങൾ ഒഴിവായി എന്നുമാത്രം. ആനക്കൂട്ടത്തെ വനത്തിനുള്ളിലേക്ക് തുരുത്തുവാനുള്ള ക്രിയാത്മകമായ ഒരു നടപടികളും വനം വകുപ്പ് അധികൃതർ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഗ്രാമീണർ സമര രംഗത്തിറങ്ങിയത്. രമേശ് പി. ശിവകുമാർ , സി.എസ്.കുമാർ, പി.കെ.ജ്ഞാനം, ശ്രീരാമൻ എന്നിവർ ഉപരോധസമരത്തിന് നേതൃത്വം നല്കി.