മുട്ടം: ഗവ.എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഇന്നലെ രാവിലെ രണ്ടാംവർഷ വിദ്യാർത്ഥികളുടെ വസ്ത്രത്തിൽ മഷി കുടഞ്ഞുവെന്നാരോപിച്ചാണ് സംഘർഷം ഉടലെടുത്തത്. ഇതേ തുടർന്ന് എസ്.എഫ്.ഐ. പ്രവർത്തകരും മറ്റ് വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇരു വിഭാഗത്തിൽപ്പെട്ടവർക്കും നിസാര പരിക്കേറ്റു. മുട്ടം എസ്.ഐ. സ്വരൂപിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കോളേജിലെത്തിയാണ് രംഗം ശാന്തമാക്കിയത്. പരിക്കേറ്റവർ മുട്ടം പി.എച്ച്.സിയിലും തൊടുപുഴ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. യുടെ നേതൃത്വത്തിൽ മുട്ടം ടൗണിൽ വിദ്യാർത്ഥികൾ പ്രകടനം നടത്തി. ആറ് വിദ്യാർത്ഥികൾക്കെതിരേ കേസെടുത്തതായി പൊലീസ് പറഞ്ഞു. എൻജീനിയറിങ്ങ് കോളേജിലും പോളി ടെക്നിക്ക് കോളേജിലും വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം പതിവായിരുന്നു .എന്നാൽ ഇതിനെതിരെ പൊലീസ് ശക്തമായ നിലപാട് സ്വീകരിച്ചതോടെ കുറച്ചുനാളായി പ്രശ്നങ്ങളും കുറവായിരുന്നു.