മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ കാട്ടാനക്കൂട്ടത്തിന്റെ ശല്യം അതിരൂക്ഷമായി തുടരുന്നു. ഒരു ഭാഗത്ത് പ്രതിഷേധം ഉയർത്തി ഗ്രാമവാസികൾ രംഗത്ത് വരുന്നുണ്ടെങ്കിലും മറുഭാഗത്ത് കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം എത്താതിരിക്കുവാനുള്ള പ്രതിരോധവും കർഷകർ തീർത്തു വരുന്നു.വെട്ടുകാട്ടിൽ പി.എൻ.വിജയന്റെ രണ്ട് ഏക്കറിലെ കരിമ്പ് കൃഷി കാട്ടാനക്കൂട്ടം ഒറ്റ രാത്രി കൊണ്ട് നശിപ്പിച്ചു. വിളവെടുക്കാറായ കരിമ്പാണ് തിന്നു നശിപ്പിച്ചത്. കിഴാന്തൂരിൽ നിരവധി ഗ്രാമവാസികളുടെ ശീതകാല പച്ചക്കറി കൃഷി വ്യാപകമാക്കി നശിപ്പിച്ചു. കൃഷിയിടങ്ങളിലും ആന കടന്നു വരുന്ന വഴികളിലും രാത്രിയിൽ തീ കൂട്ടി സംഘമായി കർഷകർ കാവൽ കിടന്നു വരുന്നു. കാന്തല്ലൂർ മേഖലയിൽ കർഷകർ മുഴുവൻ വാഴയും ആനക്കൂട്ടത്തെ ഭയന്ന് വെട്ടി കളഞ്ഞു. വനം വകുപ്പ് നടപടികളൊന്നും സ്വീകരിക്കാത്തതിനാൽ കാട്ടാനകൂട്ടത്തെ എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ വിഷമിക്കുകയാണ് ഗ്രാമവാസികൾ.