ഇടുക്കി: തെരുവിൽ അലയുന്ന കന്നുകാലികളെ പിടിച്ചുകെട്ടി ലേലം ചെയ്യണമെന്ന പഞ്ചായത്ത് ഡയറക്ടറുടെ കർശനനിർദ്ദേശം അഞ്ചുമാസമായിട്ടും ജില്ലയിൽ നടപ്പിലായില്ല. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും സ്വൈര്യവിഹാരത്തെയും തടയുന്നതും കൃഷി നശിപ്പിക്കുന്നതുമായ കന്നുകാലി, പട്ടി, പന്നി തുടങ്ങിയ വളർത്തുമൃഗങ്ങളെ നിയന്ത്രിക്കാനും പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം തടയാനും കർശന നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബർ 26ന് പഞ്ചായത്ത് ഡയറക്ടർ സർക്കുലർ ഇറക്കിയിരുന്നു. എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും നിർദ്ദേശം നടപ്പിലാക്കുന്നുണ്ടെന്ന് അതത് ഡെപ്യൂട്ടി ഡയറക്ടർമാരും പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാരും ഉറപ്പാക്കണമെന്നും വീഴ്ചരുത്തുന്നവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശമുണ്ട്. എന്നാൽ സർക്കുലർ ഇറങ്ങി അഞ്ചുമാസം പിന്നിടുമ്പോഴും പഞ്ചായത്ത് സെക്രട്ടറിമാർ ഈ കാര്യത്തിൽ ചെറുവിരൽ അനക്കിയിട്ടില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിലുൾപ്പടെ പ്രധാന നിരത്തുകളിലെല്ലാം കന്നുകാലികൾ സ്വൈര്യവിഹാരം നടത്തുകയാണ്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടി സംരക്ഷിക്കാനാളില്ലാത്ത സ്ഥലങ്ങളിൽ താത്കാലികമായി കരാർ വ്യവസ്ഥയിൽ ആളുകളെ ചുമതലപ്പെടുത്തണമെന്നും സർക്കുലറിൽ നിർദ്ദേശമുണ്ട്. ഇതിന്റെ ചെലവ് കന്നുകാലികളുടെ ഉടമസ്ഥരിൽ നിന്ന് ഈടാക്കണം. ഉടമസ്ഥരില്ലാത്തവയെ നിശ്ചിത ദിവസങ്ങൾക്കകം ലേലം ചെയ്ത് തുക പഞ്ചായത്ത് ഫണ്ടിലേക്ക് മുതൽ കൂട്ടണം. ഇത്തരം നടപടികൾ സംബന്ധിച്ച് പൊതുജനങ്ങളുടെ അറിവിലേക്ക് പത്രദൃശ്യമാധ്യമങ്ങളിൽ പരസ്യപ്പെടുത്തണം. പട്ടി, പന്നി വളർത്തൽ പട്ടികളെയും പന്നിയെയും വളർത്തുന്നതിന് ലൈസൻസും പേവിഷബാധയ്ക്ക് എതിരായ പ്രതിരോധ കുത്തിവെയ്പും കർശനമാക്കി കൊണ്ട് പഞ്ചായത്ത് ഭരണസമിതികൾ ഒരു മാസത്തിനകം പ്രമേയം പാസാക്കണം. വളർത്തുനായ്ക്കളും പന്നികളും തെരുവിൽ അലഞ്ഞുതിരിയുന്നത് അനുവദിക്കാൻ പാടില്ലെന്ന് ലൈസൻസിൽ വ്യവസ്ഥ ചെയ്യണം. ഇത് ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണം. തെരുവ് നായ്ക്കളുടെ വംശവർദ്ധന തടയാൻ എല്ലാ പഞ്ചായത്തുകളും 'ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം' കർശനമായി നടപ്പാക്കണം. മലിനീകരണ നിയന്ത്രണം വഴിയോരങ്ങളിലും പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കർശനമായി നേരിടാനാണ് മറ്റൊരു പ്രധാനനിർദ്ദേശം. കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാത്ത മാംസ വിൽപ്പനശാലകളും ഫാമുകളും ലൈസൻസ് റദ്ദ് ചെയ്ത് അടച്ചുപൂട്ടണം. പൊതുനിരത്തുകൾ, ജലസ്രോതസ് എന്നിവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പൊതുജനങ്ങളുടെ സഹായത്തോടെ കണ്ടുപിടിച്ച് കുറ്റക്കാർക്കെതിരെ പഞ്ചായത്ത് രാജ് നിയമം 219 ( എസ്), 219 (എൻ) പ്രകാരം ഫൈൻ ചുമത്തൽ, പ്രൊസിക്യൂഷൻ നടപടികൾ സ്വീകരിക്കണം. ഈ കാര്യത്തിൽ പൊലീസിന്റെ സഹായവും തേടാവുന്നതാണ്. പൊതുനിരത്തുകളിലും ജലസ്രോതസുകളിലും മാലിന്യം നിക്ഷേപിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്റശ്നങ്ങളെക്കുറിച്ചും സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ചും ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ബോധവത്കരണ പരിപാടികൾ നടത്തണം. നടപ്പിലാക്കേണ്ട നിയമങ്ങൾ 1960 ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം 1961 ലെ കേരള കാറ്റിൽ ട്രസ്‌പാസ് ആക്ട് 1962 ലെ കേരള കാറ്റിൽ ട്രസ്‌പാസ് റൂൾ 1998 ലെ പഞ്ചായത്ത് രാജ് ( പന്നികൾക്കും പട്ടികൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങൾ 2001 ലെ ആനിമൽ ബർത്ത് കൺട്രോൾ (ഡോഗ്സ്) റൂൾ 2012 ലെ പഞ്ചായത്ത് രാജ് (ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ.