ഇടുക്കി : ഭാഗ്യദേവത കേരള ലോട്ടറിയുടെ രൂപത്തിൽ തൃശൂരിനെ വാരിപ്പുണരുകയാണ്. പത്തുവർഷത്തിനിടെ തൃശൂരുകാരെത്തേടിയെത്തിയ ഭാഗ്യസമ്മാനങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. 2008 മുതൽ ഇന്നലെ വരെ തൃശൂരിൽ ലഭിച്ചത് 3486 മുൻനിര സമ്മാനങ്ങളാണ്. ഒന്നാം സമ്മാനം കൂടുതൽ ലഭിച്ചതും തൃശൂരിൽ തന്നെ, 428 എണ്ണം.
ലോട്ടറിയിൽ ഗവേഷണം നടത്തുന്ന 'കേരള ലോട്ടറി പ്രേമികൾ' എന്നൊരു സംഘം നാട്ടിലുണ്ട്. അദൃശ്യകേന്ദ്രത്തിലിരുന്ന് അവർ നടത്തുന്ന കൗതുക കണ്ടുപിടിത്തങ്ങളാണ് തൃശൂരിലെ ഈ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. കൂടുതൽ സമ്മാനങ്ങൾ, ആവർത്തിച്ച് സമ്മാനം ലഭിക്കുന്ന നമ്പരുകൾ തുടങ്ങി നിരവധി വിശേഷങ്ങൾ ദിവസവും നിരീക്ഷിച്ച് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയാണ് പതിവ്. ഒരുലക്ഷം രൂപയ്‌ക്ക് മുകളിലുള്ള സമ്മാനങ്ങൾ കൂടുതൽ നേടിയ ജില്ലകളിൽ രണ്ടാം സ്ഥാനത്ത് പാലക്കാടും മൂന്നാം സ്ഥാനത്ത് കോട്ടയവുമാണ്.
ഒന്നാം സമ്മാനം നേടിയതിൽ രണ്ടാം സ്ഥാനത്ത് കൊല്ലവും (427) മൂന്നാം സ്ഥാനത്ത് പാലക്കാടും (425) ഉണ്ട്. രണ്ട് വിഭാഗത്തിലും കാസർകോടാണ് പിന്നിൽ. 89 തവണ മാത്രമാണ് കാസർകോടുകാരെ ഭാഗ്യം തേടിയെത്തിയത്.
100 മുതൽ 5000 രൂപ വരെ സമ്മാനാർഹമാകുന്ന നാലക്കനമ്പരുകളിൽ '0229' എന്ന മാജിക് സംഖ്യ 69 തവണ ആവർത്തിച്ചെന്നാണ് 'കേരള ലോട്ടറി പ്രേമികളുടെ" വാദം. 6254, 4245, 2239, 6211 എന്നിവ 68 തവണ ആവർത്തിച്ചു. ഒന്നാം സമ്മാനം വരെ ലഭിക്കാവുന്ന ആറക്ക നമ്പരുകളിൽ 10 എണ്ണം 3 തവണവീതം ആവർത്തിച്ചെന്നും വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു.
പത്തുവർഷത്തിനിടെ
ഒന്നാം സമ്മാനം ലഭിച്ച ജില്ലകൾ
തൃശൂർ - 428
കൊല്ലം - 427
പാലക്കാട് - 425
ഇന്നലെ വരെ തൃശൂരിൽ ലഭിച്ച മുൻനിര സമ്മാനങ്ങൾ - 3486
മൂന്ന് തവണവീതം ആവർത്തിച്ച
ആറക്ക നമ്പരുകൾ
105064, 355273, 326652, 543283, 308957, 131265, 501911, 311729, 303828, 215491.