തൊടുപുഴ: ഇടുക്കി ഔഷധസസ്യ ഉത്പാദക വിപണനസംഘം, സംസ്ഥാന ഔഷധസസ്യ ബോർഡിന്റെയും തൊടുപുഴ നഗരസഭ ജൈവവൈവിധ്യ പരിപാലന സമിതിയുടെയും (ബി.എം.സി) സഹകരണത്തോടെ 16ന് ഔഷധ കർഷക സെമിനാർ സംഘടിപ്പിക്കുന്നു.

രാവിലെ 9.30 മുതൽ തൊടുപുഴ ധന്വന്തരി വൈദ്യശാല ഹാളിലാണ് പരിപാടി . ആയൂർവേദ മരുന്ന് നിർമ്മാണത്തിന് ആവശ്യമായ മികച്ച ഉൽപ്പന്നങ്ങൾ കേരളത്തിൽ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അവയുടെ ഉൽപ്പാദനം, വിളവെടുപ്പ്, സംസ്‌കരണം, വിപണനം എന്നീ മേഖലകളിൽ കർഷകർക്ക് പരിശീലനം, ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക എന്നിവയാണ് സെമിനാറിന്റെ ലക്ഷ്യം. വൈദ്യന്മാർ, ഔഷധ കൃഷിക്കാർ എന്നിവരോടൊപ്പം ഇനി കൃഷിചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കർഷകർക്കും സൗജന്യമായി ഈ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. ഫോൺ: 9447753482.

മീഡിയാ കോ-ഓർഡിനേറ്റർമാരായി നിയമിച്ചു

തൊടുപുഴ: കെ.പി.സി.സി. പാർലമെന്റ് മണ്ഡലം മീഡിയാ കോ-ഓർഡിനേറ്റർമാരായി മനോജ് കോക്കാട്ട് (തൊടുപുഴ അസംബ്ലി), പി.പി. എൽദോസ് (മൂവാറ്റുപുഴ അസംബ്ലി), കെ.പി. ബാബു (കോതമംഗലം അസംബ്ലി), സന്തോഷ് പണിക്കർ (പീരുമേട്), ജിനേഷ് കുഴിക്കാട്ട് (ഇടുക്കി അസംബ്ലി), മോൻസി ബേബി (ഉടുമ്പൻചോല അസംബ്ലി), എം.എ. അൻസാരി (ദേവികുളം അംസംബ്ലി) എന്നിവരെ നിയമിച്ചതായി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.

കുടുംബസംഗമവും യാത്രയയപ്പും

കുഞ്ചിത്തണ്ണി. കോഓപ്പറേറ്റീവ് എംപ്പോയീസ് യൂണിയൻ അടിമാലി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും, സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പുംനല്കി. അടിമാലി കാർഷിക വികസന ബാങ്ക് ഹാളിൽ നടന്ന യോഗം ടി കെ.ഷാജി ഉദ്ഘാടനം ചെയ്തു. ഇ.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ ജി.ആർ. മേനോൻ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽനിന്നും വിരമിക്കുന്ന ജീവനക്കാർക്ക് യൂണിയന്റെ വകയായുള്ള ഉപഹാരസമർപ്പണവും നടന്നു. ഇ.കെ.ചന്ദ്രൻ, ബിനോയ് സെബാസ്റ്റ്യൻ, ടി.കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

തൊഴിൽ രഹിതവേതനം: രേഖകളുടെ പരിശോധന

ഉടുമ്പന്നൂർ: ഗ്രാമപഞ്ചായത്തിൽ നിന്നും തൊഴിൽ രഹിതവേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ, രേഖകളുടെ പരിശോധനയ്ക്ക് 14,15 തീയതികളിൽ റേഷൻകാർഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, റ്റി.സി., എസ്.എസ്.എൽ.സി ബുക്ക്, ആധാർകാർഡ്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതംപഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണം. പരിശോധനക്ക് എത്താത്തവർക്ക് തുടർന്ന് തൊഴിൽ രഹിതവേതനം ലഭിക്കുന്നതല്ലെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ധനസഹായം അനുവദിച്ചു

ഇടുക്കി : മഹാപ്രളയത്തെ തുടർന്നുണ്ടായ കൃഷിനാശവും വിലത്തകർച്ചയും മൂലം ജില്ലയിൽ ആത്മഹത്യ ചെയ്ത ഒൻപത് കർഷകരുട ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 29 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

നെടുമറ്റം ഗവ.യു.പി സ്കൂളിന് "ശ്രദ്ധ" പ്രോഗ്രാമിന് ഒന്നാം സ്ഥാനം

തൊടുപുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഠന പിന്നാക്കക്കാർക്കായി സർക്കാർ നടത്തുന്ന പദ്ധതിയാണ് "ശ്രദ്ധ" പ്രോഗ്രാം. 11 ന് ഇടുക്കിയിൽ വച്ച് നടത്തിയ "ശ്രദ്ധ" സെമിനാർ പ്രസന്റേഷനിൽ നെടുമറ്റം ഗവ.യു.പി സ്കൂൾ യു.പി വിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. സ്കൂൾ സംസ്ഥാനതലത്തിൽ യോഗ്യതനേടുകയും ചെയ്തു.

നെടുമറ്റം ഗവ.യു.പി സ്കൂൾ വാർഷികവും യാത്രയയപ്പും

തൊടുപുഴ: നെടുമറ്റം ഗവ.യു.പി സ്കൂൾ 107​ാമത് വാർഷികവും രക്ഷാകർത്തൃസംഗമവും സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ കെ.എസ് റംല,​ മേരി ജോസഫ് എന്നിവർക്ക് യാത്രയയപ്പും 15 ന് ഉച്ചകഴിഞ്ഞ് നടക്കും.

കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേർഷി ആന്റണി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ടി.കെ മനോജ് അദ്ധ്യക്ഷത വഹിക്കും. 2018 -​19 വാർഷിക പദ്ധതിയിൽപ്പെടുത്തി കോടിക്കുളം പഞ്ചായത്ത് വാങ്ങി നൽകിയ ഫർണീച്ചറിന്റെ ഉദ്ഘാടനവും സ്മാർട്ടാക്കിയ പ്രീ​-പ്രൈമറിയുടെ ഉദ്ഘാടനവും നടക്കും. കുട്ടികൾ തയ്യാറാക്കിയ സ്കൂൾ പത്രം,​ ഇ-ലേൺ ടെക്സ്റ്റ് എന്നിവയുടെ പ്രകാശനവും നടക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് മഞ്ചേരിൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം മനോജ് തങ്കപ്പൻ,​ ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാജു മാത്യു,​ ബ്ളോക്ക് പഞ്ചായത്ത് അംഗം ബിന്ദു പ്രസന്നൻ ,​ തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനോദ് കുമാർ,​ കരിമണ്ണൂർ ബി.പി.ഒ ബിജു സ്കറിയ,​ ജില്ലാ മിഷൻ കോ​​- ഓർഡിനേറ്റർ കെ.എ ബിനുമോൻ എന്നിവർ പങ്കെടുക്കും. തൊമ്മൻകുത്ത് ജോയി അവതരിപ്പിക്കുന്ന കാവ്യസാഗരം പരിപാടിയും കുട്ടികളുടെ നൃത്തനൃത്ത്യങ്ങളും നടക്കും.