തൊടുപുഴ : 90 കഴിഞ്ഞ വിധവകളും പുനർവിവാഹം കഴിച്ചിട്ടില്ലെന്ന് ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാലെ പെൻഷൻ നൽകൂവെന്ന തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് കേരള വിധവ - വയോജനക്ഷേമ സംഘം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ പറഞ്ഞു. വിധവാ- വയോജന ക്ഷേമസംഘം ജില്ലാകമ്മിറ്റി തൊടുപുഴ മിനിസിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിധവ പെൻഷൻ 3000/- രൂപ ആക്കുന്നത് വരെ ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണമടക്കമുള്ള പുതിയ ചെലവുകൾ സർക്കാർ ഏറ്റെടുക്കരുത്. വിധവകളുടെ കടങ്ങൾ എഴുതി തള്ളണം, വയോവൃദ്ധരായവരും പുനർവിവാഹം കഴിച്ചിട്ടില്ലെന്ന് സാക്ഷ്യപത്രം വേണമെന്ന നിർബന്ധബുദ്ധി അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് രമണി മണക്കാട് അദ്ധ്യക്ഷത വഹിച്ചു. ലിസമ്മ ദാനിയേൽ ചേർത്തല, റാണിയമ്മ ചേർത്തല, മേരി കളരിക്കൽ, ഫ്രാൻസീസ് സംക്രാന്തി, ലിസമ്മ ഡാനിയേൽ, സുജദാസ്, ഡോളി ജോയി, കെ. ഗീത, ഓമന തങ്കപ്പൻ, ലില്ലി ജോയി, രത്നമ്മ തങ്കപ്പൻ, പി. ഹഫ്സ രണ്ടുപാലം, എൽസി മാങ്കുളം, അച്ചാമ്മ ശശി, റീത്ത ജോയി മൂന്നാർ, മേരി റോസ് മൂന്നാർ എന്നിവർ പ്രസംഗിച്ചു.