അടിമാലി: അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും പൊലീസും തമ്മിൽ നിലനിന്നിരുന്ന ഭൂമിയുടെ അതിർത്തിത്തർക്കം രമ്യമായി പരിഹരിച്ചു. ട്രാഫിക് പൊലീസ് യൂണിറ്റിനും പൊലീസ് ക്വാർട്ടേഴ്സുകൾക്കും സമീപം കിടക്കുന്ന ഭൂമിയിന്മേലായിരുന്നു തർക്കം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും നിർമ്മാണ പ്രവർത്തനം സംബന്ധിച്ചും പലതവണ ഉയർന്ന വാദപ്രതിവാദം പൊലീസും അഭിഭാഷകരും തമ്മിലുള്ള കൈയ്യാങ്കളിയുടെ വക്കിൽവരെ കൊണ്ടെത്തിച്ചു. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ഹൈക്കോടതി ജഡ്ജി പി. ഉബൈദ്, ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാൽ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ വിവിധവകുപ്പുകൾ തമ്മിൽ ചർച്ചചെയ്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്. പൊലീസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കോടതിക്ക് വേണ്ടി പൊതുമരാമത്ത് വകുപ്പ് ഗെയിറ്റ് സ്ഥാപിക്കാനും കെട്ടിടം നിർമ്മിക്കാനും ശ്രമിച്ചെന്നരോപിച്ചായിരുന്നു പൊലീസും അഭിഭാഷകരും തമ്മിൽ അവസാനം കൊമ്പ് കോർത്തത്. കോടതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുള്ള കെട്ടിടം സംബന്ധിച്ചും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചില ആരോപണങ്ങൾ ഉയർന്നിരുന്നു. ഏറ്റവും ഒടുവിൽ അടിമാലി ജനമൈത്രി പൊലീസ് സ്‌റ്റേഷനു കീഴിൽ കോടതിക്ക് സമീപം പൊലീസ് ക്യാന്റീൻ സ്ഥാപിച്ചതും തർക്കം നിലനിൽക്കുന്ന ഭൂമിയിലായിരുന്നു. തർക്കഭൂമിയിൽ ഇരുവിഭാഗവും അവകാശവാദം ഉന്നയിച്ച സാഹചര്യത്തിൽ കൂടിയാണ് പ്രശ്നത്തിന് മദ്ധ്യസ്ഥചർച്ചയിലൂടെ പരിഹാരം കണ്ടെത്തിയത്. ഇതിൻ പ്രകാരം പൊതുമരാമത്ത് വകുപ്പ് നിർമ്മാണം നടത്തി വന്നിരുന്ന കെട്ടിടം, പൊലീസ് ക്യാന്റീൻ എന്നിവ ഒഴിവാക്കി ശേഷിക്കുന്ന ഭാഗത്ത് കോടതിക്ക് ഗെയിറ്റ് സ്ഥാപിക്കാമെന്നാണ് ധാരണ.