ചെറുതോണി: പ്രളയത്തിൽ കൃഷി നശിച്ച് ഏഴ് മാസമായിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കാതെ കർഷകർ ദുരിതത്തിൽ. മരിയാപുരം കൃഷി ഓഫീസിലെ ഉദ്യോഗസ്ഥ അലംഭാവത്തിനെതിരെ കർഷക രോഷം ഉയരുകയാണ്. 34 വർഷം പഴക്കമുള്ള 38 ജാതിയും 85 കൊടിയും 50 ഏലവും 17 കാപ്പിയും 15 കൊക്കോയുമാണ് മരിയാപുരം പഞ്ചായത്തിലെ 13-ാം വാർഡിൽ താമസിക്കുന്ന മുണ്ടൻമലയിൽ ജോൺ തോമസിന്റെ കൃഷിഭൂമിയിൽ ഉണങ്ങി നിൽക്കുന്നത്. പെരിയാറ്റിൽ വെള്ളം പൊങ്ങിയതോടെ കര കവിഞ്ഞ തോട് കൃഷി ഭൂമിയിലൂടെ ഒഴുകിയതാണ് വലിയ കൃഷി നാശത്തിനിടയാക്കിയത്. എന്നാൽ മരിയാപുരം കൃഷി ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ നാല് ജാതിയും 14 കൊടിയും 12 വാഴയും മാത്രമാണ് നശിച്ചതായി രേഖപ്പെടുത്തിയത്. പിന്നീട് പരാതിയുമായി ഓഫീസുകൾ കയറി ഇറങ്ങിയ ശേഷം മാത്രമാണ് യഥാർത്ഥ കണക്ക് ജില്ലാ കൃഷി ഓഫീസർ വന്ന് രേഖപ്പെടുത്തിയതെന്ന് ജോൺ തോമസ് പറയുന്നു. എന്നാൽ കൃഷി നശിച്ച് ഏഴ് മാസമായിട്ടും തനിക്ക് നഷ്ട പരിഹാരം ലഭിച്ചില്ലെന്ന് ഈ കർഷകൻ പറയുന്നു. വെള്ളപൊക്കത്തിൽ ഒഴുകി വന്ന മണലാണ് ഇപ്പോൾ പറമ്പ് മുഴുവൻ. ഇനിയും അവശേഷിക്കുന്ന ജാതിയും ചീയൽ ബാധിച്ച് നശിക്കുമെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്.