അടിമാലി: കെഎസ്ആർടിസി ഡ്രൈവറെ പൊതുജനങ്ങളുടെ മുമ്പിൽവച്ച് വഴിയാത്രക്കാരൻ അസഭ്യവർഷം നടത്തിയതായി പരാതി. സംഭവത്തിൽ കുറവിലങ്ങാട് സ്വദേശിയും പാല ഡിപ്പോയിലെ ഡ്രൈവറുമായ ആർ.കെ. ഷാജി പൊലീസിൽ പരാതി സമർപ്പിച്ചു. കോട്ടയം രാജാക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് പരാതിക്കാരൻ. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചക്ക് രാജാക്കാട് നിന്നും കോട്ടയത്തിന് പോകുന്നതിനിടയിൽ അടിമാലിയിൽ വച്ചായിരുന്നു സംഭവം. വാഹനം സ്റ്റാൻഡിലേക്ക് കയറുന്നതിനിടയിൽ വഴിയാത്രക്കാരായ രണ്ട് പേർ അപ്രതീക്ഷിതമായി ബസിനു മുമ്പിലൂടെ റോഡ് മുറിച്ച് കടന്നെന്നും കുറച്ച് സമയം കഴിഞ്ഞ് ഇവരിലൊരാൾ ഇരുചക്രവാഹനവുമായി എത്തി സ്ത്രീകളടക്കമുള്ള യാത്രക്കാരുടെ മുമ്പിൽവച്ച് തന്നെ അസഭ്യവർഷം നടത്തിയെന്നും ഷാജി പറഞ്ഞു. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കണ്ടക്ടറുമൊത്താണ് ഷാജി സ്റ്റേഷനിൽ പരാതി സമർപ്പിക്കാനെത്തിയത്. പ്രശ്നം ഉണ്ടാക്കിയ ആൾ താൻ അടിമാലി സ്വദേശിയാണെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡ്രൈവർ പരാതിക്കാരൻ പറയുന്നു.