അടിമാലി: ജില്ലയിൽ പട്ടയം വിതരണം ചെയ്യുന്ന കാര്യത്തിൽ ജാതീയമായ വേർതിരിവ് നിലനിൽക്കുന്നെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് വി. ശ്രീധരൻ പറഞ്ഞു. കെ.പി.എം.എസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടയ വിതരണത്തിന്റെ കാര്യത്തിൽ ഇരുമുന്നണികളും ജില്ലയിലെ പിന്നാക്ക ജനതയെ അവഗണിക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാർ നാല് പട്ടയ മേളകളും പിണറായി സർക്കാർ ഇതിനോടകം രണ്ട് പട്ടയമേളകളും സംഘടിപ്പിച്ചു. ഇതിലൊന്നും പിന്നാക്ക ജനതക്ക് അർഹമായ പരിഗണന ലഭിച്ചില്ല. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഈ വിവേചനം സംബന്ധിച്ച് സ്വീകരിക്കേണ്ട സമര പരിപാടികൾ തീരുമാനിക്കുമെന്നും വി ശ്രീധരൻ പറഞ്ഞു. 29, 30, 31,​ ഏപ്രിൽ ഒന്ന് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 48-ാമത് കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് അടിമാലിയിൽ ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നെത്തിയ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. പട്ടയ വിഷയത്തിൽ ഉൾപ്പെടെ ഇടുക്കിയിലെ പിന്നാക്ക ജനത നേരിടുന്ന വിവിധ വിഷയങ്ങൾ പ്രതിനിധി സമ്മേളനത്തിൽ ചർച്ചയായി. രാവിലെ 9.30ന് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. പൊന്നപ്പൻ പതാക ഉയർത്തി. അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന അർപ്പിച്ച ശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് രവി കൺട്രാമറ്റം അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ആർ.കെ. സിദ്ധാർത്ഥൻ, അഡ്വ. എ. സനീഷ് കുമാർ, കെ.കെ. രാജൻ, ഓമന വിജയകുമാർ എന്നിവർ സംസാരിച്ചു.