kk
വിദ്യാർത്ഥികൾ അടിമാലി ജനമൈത്രി പോലീസ് സ്‌റ്റേഷൻ സന്ദർശിക്കുന്നു

അടിമാലി: കുട്ടികളുടെ മനസിൽ പൊലീസിനോടുള്ള ഭയം ഇല്ലാതാക്കാൻ അടിമാലി ഇരുമ്പുപാലം സർക്കാർ എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ അടിമാലി ജനമൈത്രി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. ഇന്നലെ രാവിലെ പത്തിനായിരുന്നു ഇരുമ്പുപാലം സർക്കാർ എൽ.പി സ്‌കൂളിലെ 30 വിദ്യാർത്ഥികൾ അടിമാലി ജനമൈത്രി പൊലീസ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയത്. കാക്കിയോടുള്ള പേടി അൽപ്പ സമയം നിശബ്ദതയ്ക്ക് വഴിയൊരുക്കിയെങ്കിലും നിമിഷങ്ങൾക്കകം പേടിയെല്ലാം പമ്പ കടന്നു. സർക്കിൾ ഇൻസ്‌പെക്ടറോടും സബ് ഇൻസ്‌പെക്ടറോടും അടക്കം പേര് ചോദിച്ച് കുട്ടിപ്പട്ടാളം സ്റ്റേഷൻ ഭരണം കൈയിലെടുത്തു. ലോക്കപ്പും വിലങ്ങും തോക്കുമെല്ലാം ഉദ്യോഗസ്ഥർ കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്റ്റേഷന്റെ പ്രവർത്തന ശൈലി പൊലീസുകാർ കുട്ടികൾക്കു മുമ്പിൽ വിശദീകരിച്ചു. പൊതു സ്ഥാപനങ്ങളെ പരിചിതമാക്കാൻ ലക്ഷ്യമിട്ടുള്ള സ്‌കൂൾ സമ്പർക്ക പരിപാടിയുടെ ഭാഗമായിട്ടാണ് വിദ്യാർത്ഥികളെ സ്റ്റേഷൻ സന്ദർശനത്തിനെത്തിച്ചതെന്ന് അദ്ധ്യാപകർ പറഞ്ഞു. പരിപാടിയുടെ ഭാഗമായി പൊലീസ് സ്റ്റേഷൻ സന്ദർശനത്തിന് ശേഷം പെട്ടിമുടി സർക്കാർ എൽ.പി സ്‌കൂളിലും ഇരുമ്പുപാലം സ്‌കൂളിലെ വിദ്യാർത്ഥികൾ സന്ദർശനം നടത്തി. വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ തമ്മിൽ ഇടകലരുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായിട്ടാണ് കുട്ടികൾക്ക് മറ്റ് വിദ്യാലയങ്ങളിലെ സന്ദർശനം ഒരുക്കിയിട്ടുള്ളത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് വിദ്യാലയങ്ങളിൽ സ്‌കൂൾ സമ്പർക്ക പരിപാടി നടന്നു വരുന്നത്.