kk
ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ എക്‌സ്രേ യൂണിറ്റ് പ്രവർത്തിക്കുന്നതല്ല എന്ന നോട്ടീസ് ആശുപത്രി അധികൃതർ പതിപ്പിച്ചിരിക്കുന്നു.

പീരുമേട് : പരിമിതികൾ മാത്രം പറയാനുള്ള പീരുമേട് താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റും അടച്ചുപൂട്ടി.

സംസ്ഥാനത്ത് ഒട്ടുമിക്ക പ്രഥമീകാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളും മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയരുന്ന കാലത്താണ് തോട്ടം തൊഴിലാളികളും കർഷകത്തൊഴിലാളികളും കൂടുതലായി ആശ്രയിക്കുന്ന പീരുമേട് ആശുപത്രി നാഥനില്ല കളരിപോലെ നാൾക്കുനാൾ നശിക്കുന്നത്. ടെക്നീഷ്യന്മാർ ഇല്ലെന്ന കാരണം പറഞ്ഞാണ് എക്സറേ യൂണിറ്റ് അടച്ചുപൂട്ടിയത്. ഒരാഴ്ച കഴിഞ്ഞിട്ടും പകരം ജീവനക്കാരെ നിയമിക്കാനൊ യൂണിറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കാനൊ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇവിടുത്തെ ഇല്ലായ്മകളുടെ പട്ടികയിലെ അവസാന ഇനമാണ് എക്സറേ യൂണിറ്റ്. പ്രസവവാർഡും ഓപ്പറേഷൻ തീയേറ്ററുമില്ലാത്ത സംസ്ഥാനത്തെ ഏക താലൂക്ക് ആശുപത്രിയെന്ന 'ബഹുമതി' പീരുമേടിന് പണ്ടേയുണ്ട്. ആവശ്യത്തിന് ജീവനക്കാരുടെ അഭാവവും, ഉപകരണങ്ങളുടെ കുറവും എന്നും പറഞ്ഞുകേൾക്കുന്ന പരാതികളുമാണ്. ഇവിടെ എന്ത് നടന്നാലും ജനപ്രതിനിധികൾ പോലും തിരിഞ്ഞുനോക്കില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എക്സറേ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചതോടെ ചെറിയ അപകടനങ്ങൾ സംഭവിച്ചാൽ പോലും കിലോമീറ്ററുകൾ യാത്രചെയ്ത് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം. ഇതുമൂലം പാവപ്പെട്ട രോഗികൾക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. എക്സറേ യൂണിറ്റിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഉടൻ നിയമനം നടത്തുമെന്നുമാണ് ജില്ല മെഡിക്കൽ ഓഫീസർ നൽകുന്ന വിശദീകരണം. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ അടുത്ത രണ്ട് മാസത്തേക്ക് പുതുതായി യാതൊരു നിയമനവും നടക്കില്ലെന്ന കാര്യം സാധാരണക്കാർക്കുപോലും അറിയാം. എന്നിട്ടും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അധികൃതർ ശ്രമിക്കുന്നത്.

ആസാദ് പീരുമേട് (പൊതു പ്രവർത്തകൻ)

ജില്ലയിലെ മിക്കവാറും എല്ലാ താലൂക്ക് ആശുപത്രികൾക്കും കോടിക്കണക്കിന് രൂപയുടെ വികസനപദ്ധതികൾ അനുവദിച്ചപ്പോഴും പീരുമേടിന് ഒരു പരിഗണനയും കിട്ടിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിവച്ച ചില വികസനപരിപാടികൾപോലും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ജനപ്രതിനിധികൾ തിരിഞ്ഞുനോക്കാതായപ്പോൾ തോട്ടം തൊഴിലാളി യൂണിയൻ നേതാവ് എം.എ. റഷീദ് ഇടപെട്ടാണ് മുൻ സർക്കാരിനെക്കൊണ്ട് ആശുപത്രി വികസനത്തിന് പണം അനുവദിപ്പിച്ചത്. നിരവധി സ്വകാര്യ ആശുപത്രികളുള്ള തൊടുപുഴയിലും നെടുങ്കണ്ടത്തും താലൂക്ക് ആശുപത്രികൾക്ക് ജില്ല ആശുപത്രിയുടെ പദവി ലഭിച്ചപ്പോഴും പീരുമേടിന് അർഹമായ പരിഗണന ലഭിച്ചില്ല. 40 കിലോമീറ്റർ ചുറ്റളവിൽ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള സ്വകാര്യ ആശുപത്രിപോലുമില്ലാത്ത നാടാണ് പീരുമേട്.

പ്രീയ. എൻ ( ജില്ലാ മെഡിക്കൽ ഓഫീസർ)
പീരുമേട് താലൂക്ക് ആശുപത്രിയിൽ എക്സറേ യൂണിറ്റിലേക്ക് രണ്ട് ഒഴിവുകളുണ്ട്. ഇത് പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉടൻ നിയമനം നടത്തി പ്രതിസന്ധി പരിഹരിക്കും.